

തിരുവനന്തപുരത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശി ആഷിഖിന്‍റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മെഡിക്കൽ കോളെജിലെ അവസാന വർഷ വിദ്യാർഥിയായിരുന്നു ആഷിഖ്. കഴിഞ്ഞ ദിവസം മുതൽ യുവാവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. കല്ലമ്പലത്ത് ദേശീയപാതയുടെ നിർമാണം നടക്കുന്ന റോഡരികിലാണ് നിർത്തിയിട്ട കാറിൽ മൃതദേഹം കണ്ടെത്തിയത്.
കാറിൽ ചാർക്കോൾ പോലുള്ള എന്തോ വസ്തു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.