
മലപ്പുറം: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നു വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും, ബോധപൂർവം ചെയ്തതാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു.
സംഭവം നിലമ്പൂരിൽ അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നിട്ടുണ്ട്. ഇതുവരെ തണുത്ത മട്ടിലായിരുന്ന പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാർട്ടപ്പ് എന്ന രീതിയിൽ ഈ സംഭവം ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമല്ലോ എന്നും മന്ത്രി പറഞ്ഞു.
രാവിലെ സംഭവ സ്ഥലത്ത് ഫെൻസിങ് ഇല്ലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. വൈകിട്ടാണ് ഫെൻസിങ് വന്നത്. ഉടമസ്ഥനും ഫെൻസിങിനെപ്പറ്റി അറിയില്ലെന്നു പറയുന്ന സാഹചര്യത്തിൽ ഇത് ആരു ചെയ്തെന്നും അവരുടെ ലക്ഷ്യം എന്താണെന്നും അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.