
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; നിലമ്പൂരിൽ നടന്നത് വൈദ്യുതി മോഷണമെന്ന് കെഎസ്ഇബി
മലപ്പുറം: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. നിലമ്പൂരിൽ നടന്നത് വൈദ്യുതി മോഷണമാണെന്നും, സ്വകാര്യ വ്യക്തി ചെയ്ത നിയമ ലംഘനത്തിന് കെഎസ്ഇബിയെ പഴിക്കുന്നത് വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.
കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചു, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരുന്നു.
തോട്ടിലൂടെ വലിച്ച വയറിൽ നിന്നാണ് മീൻ പിടിക്കുന്ന കുട്ടികൾക്ക് ഷോക്കേറ്റത്. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരേ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്.
കാര്‍ഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ അപേക്ഷ നല്‍കി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ കുറിച്ചു.