
അയൽക്കാരി അസഭ്യം പറഞ്ഞതിൽ മനോവിഷമം; വിദ്യാർഥി തൂങ്ങി മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ വിദ്യാർഥിനിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്‍റെയും സുനിതയുടെയും മകൾ അനുഷയാണ് (18) മരിച്ചത്. അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്.
ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ. കഴിഞ്ഞ ദിവസം അയൽക്കാരി വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞിരുന്നു. അയല്‍ക്കാരിയുടെ മകന്‍ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു.
ഇതറിഞ്ഞ് ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതിന് സഹായിച്ചെന്ന് പറഞ്ഞാണ് അനുഷയെ അസഭ്യം പറഞ്ഞത്. വിഷയത്തില്‍ അച്ഛൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷ ജീവനൊടുക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പെൺകുട്ടി മരിച്ചത്. അസ്വഭാവിക മരണത്തിന് വിഴിഞ്ഞം പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആരതിയാണ് സഹോദരി.