സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജന പദ്ധതികൾ പരിഷ്കരിക്കണമെന്ന് പഠനം

കൃത്യമായി രൂപകൽപ്പന ചെയ്ത പദ്ധതികളിലൂടെയാണ് കേരളം മൊത്തത്തിലുള്ള ദാരിദ്ര്യാവസ്ഥ കുറയ്ക്കുന്നതിൽ വിജയിച്ചത്.
Representative image
Representative image

സ്വന്തം ലേഖകൻ

കൊച്ചി: കടുത്ത ദാരിദ്യ്രത്തിലേക്ക് ജനങ്ങൾ വീണു പോകുന്നതിനു മുൻപ് തന്നെ അത്തരത്തിലുള്ള സാഹചര്യങ്ങൾ തിരിച്ചറിയുന്നതിനും ദാരിദ്ര്യത്തിലേക്ക് വീണും പോകാതിരിക്കാൻ വേണ്ട പിന്തുണ ഉറപ്പാക്കുന്നതിനുമായി കേരളത്തിലെ അതിദാരിദ്ര്യ നിർമാർജന പദ്ധതികളിൽ കാര്യമായ ചില മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നുവെന്ന് നിർദേശിച്ചിരിക്കുകയാണ് സാമൂഹ്യ-സാമ്പത്തിക പാരിസ്ഥിതിക പഠന കേന്ദ്രം (സിഎസ്ഇഎസ്). കേരളത്തിലെ 0.55 ശതമാനം ജനങ്ങൾ പലമാനങ്ങളിലുള്ള അതിദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നാണ് മൾട്ടിഡൈമൻഷണൽ പോവർട്ടി നീതി ആയോഗ് ഇൻഡക്സ് വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ തലത്തിൽ ഇത് 14.96 ശതമാനമാണ്. ദേശീയ തലത്തിലുള്ള അതിരാദ്ര്യവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ചെറിയ വിഭാഗമാണ് ഈ അവസ്ഥ നേരിടുന്നതെങ്കിൽ പോലും, ദാരിദ്ര്യം പൂർണമായി തുടച്ചു മാറ്റാൻ നയങ്ങളിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

കൃത്യമായി രൂപകൽപ്പന ചെയ്ത പദ്ധതികളിലൂടെയാണ് കേരളം മൊത്തത്തിലുള്ള ദാരിദ്ര്യാവസ്ഥ കുറയ്ക്കുന്നതിൽ വിജയിച്ചത്. നിലവിൽ കുടുംബശ്രീ മുന്നോട്ടു വച്ച 1.5 ലക്ഷ കുടുംബങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള അഗതി രഹിത കേരളം (ഡിഎഫ്കെ) പദ്ധതിയും 60,000 ത്തിൽ അധികം കുടുംബങ്ങൾ ഉൾപ്പെടുന്ന അതിദാരിദ്ര്യ നിർമാർജന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.

വടക്കൻ കേരളത്തിൽ പട്ടികവർഗ വിഭാഗങ്ങളുടെ സാന്നിധ്യമുള്ള പനമരം പഞ്ചായത്ത്, മത്സ്യബന്ധന തൊഴിലാളികൾ ധാരാളമുള്ള തെക്കൻ കേരളത്തിലെ ആലപ്പാട് പഞ്ചായത്ത്, മധ്യകേരളത്തിലെ അശമന്നൂർ എന്നീ പഞ്ചായത്തുകളിലാണ് പഠനം നടത്തിയത്.

അതിദാരിദ്ര്യത്തിൽ ഉഴലുന്നവർക്ക് സാമഗ്രികളുടെ ദൗർലഭ്യം, ആരോഗ്യ പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി എന്നിവയും നേരിടേണ്ടി വരുന്നുണ്ടെന്ന് പഠനം പറയുന്നു. ഇവരിൽ ഭൂരിപക്ഷത്തിനും സ്വന്തമായി സ്ഥലമുണ്ട്. ഈ വിഭാഗത്തിൽപ്പെടുന്നവരിൽ 12 ശതമാനത്തോളം പേർക്കാണ് സ്വന്തമായി ഭൂമിയില്ലാത്തത്. നാലിലൊന്നിൽ കൂടുൽ ഉള്ളവർക്കും വീടില്ല. നാലിൽ ഒരു വിഭാഗത്തിന് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമായിട്ടില്ല. പകുതി വീടുകളിൽ മാത്രമേ സ്ഥിരവരുമാനമുള്ള ഒരു അംഗമെങ്കിലും ഉള്ളൂ.

തീവ്രമായ ദാരിദ്ര്യത്തിന്‍റെയും ദൗർബല്യത്തിന്‍റെയും ചലനാത്മകവും പരസ്പരബന്ധിതവുമായ സ്വഭാവമുണ്ട്, ഇതു തിരിച്ചറിയുന്നതിലെ കാലതാമസം പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിൽ സങ്കീർണത വർധിപ്പിക്കും. വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചും വർഷത്തിലൊരിക്കലെങ്കിലും സ്ഥലങ്ങൾ സന്ദർശിച്ച് അവരുടെ അവസ്ഥയും ആവശ്യങ്ങളും മനസിലാക്കിയും ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.

കടുത്ത ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്‍റെ പദ്ധതികൾ പ്രശംസനീയമാണെങ്കിലും, ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്ന ഡിഎഫ്കെ, ഇപിഇപി എന്നിവയെ ഒരൊറ്റ പദ്ധതിയിലേക്ക് സംയോജിപ്പിക്കാനാണ് പഠനം ശുപാർശ ചെയ്യുന്നത്.

മൂന്നിലൊന്ന് വരുന്ന കുടുംബങ്ങളെയും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത് കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട, അല്ലെങ്കിൽ വരുമാനമുള്ള ഒരു അംഗത്തിന്‍റെ മരണം അല്ലെങ്കിൽ‌ സ്ഥിരമായ വൈകല്യം എന്ന ആഘാതമായിരിക്കും. അതു കൊണ്ടു തന്നെ സാധാരണ വാർഷിക അല്ലെങ്കിൽ ദ്വിവാർഷിക പുനരവലോകനത്തിനായി കാത്തിരിക്കാതെ അത്തരം കുടുംബങ്ങളെ അതിദരിദ്രരുടെ പട്ടികയിൽ ഉടനടി ഉൾപ്പെടുത്താനാണ് പഠനം ശുപാർശ ചെയ്യുന്നത്.

ഈ കുടുംബങ്ങൾക്ക് സാമ്പത്തിക പ്രിതിരോധ ശേഷി വളർത്തുന്നതിനും ദാരിദ്ര്യത്തിലേക്ക് വീണു പോകുന്നതിൽ നിന്ന് തടയുന്നതിനുമായി മതിയായ ആസ്തികളും സാമൂഹിക മൂലധനവും ഇല്ല. സാമൂഹ്യ ക്ഷേമ പെൻഷൻ ആണ് ഇവരുടെ പ്രധാനപ്പെട്ട സംരക്ഷണ കവചം.

കേരളത്തിലെ 52 ലക്ഷം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 8 ലക്ഷം ഗുണഭോക്താക്കൾക്ക് മാത്രമാണ് കേന്ദ്രസർക്കാരിന്‍റെ വിഹിതം ലഭിക്കുന്നത്. തീവ്ര ദരിദ്രർക്ക് പെൻഷൻ കൃത്യമായി നൽകുന്നുണ്ടെന്നത് സംസ്ഥാനം ഉറപ്പാക്കേണ്ടതാണ്.

വിവിധ കേന്ദ്ര-സംസ്ഥാന പരിപാടികളുമായി സഹകരിച്ച് നൈപുണ്യ വികസന പരിപാടികൾക്ക് പിന്തുണ നൽകണം. വീട്ടിലിരുന്ന വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നവർക്ക് സഹായം ഉറപ്പാക്കണം

കൂടാതെ, ദരിദ്രർക്ക് സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും, വിവിധ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയും, കുടുംബശ്രീ കുടുംബ ഗ്രൂപ്പുകൾ വഴി സ്ഥിരവും സമയബന്ധിതവുമായ ഭക്ഷ്യസുരക്ഷ നൽകുകയും വിദ്യാഭ്യാസത്തിലൂടെ കൂടുതൽ മുന്നോട്ടു കുതിക്കുന്നതിനായി കുടുംബശ്രീയെ കൂടുതലായി ഉൾക്കൊള്ളുകയും വേണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com