ആ ചിരി ഇനി ഇല്ല; സുബി സുരേഷിന് കണ്ണീരോടെ വിട ചൊല്ലി കലാകേരളം

കരൾ രോഗത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്നലെ രാവിലെ പത്തു മണിയോടെ കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു
ആ ചിരി ഇനി ഇല്ല; സുബി സുരേഷിന് കണ്ണീരോടെ വിട ചൊല്ലി കലാകേരളം
Updated on

കൊച്ചി: നടിയും അവതാരികയുമായ സുബി സുരേഷിന് കണ്ണീരോടെ വിട ചൊല്ലി കലാകേരളം. ചേരാനല്ലൂരിലെ ശ്മശാനത്തിൽ വൈകിട്ട് നാലുമണിയോടെ സംസ്ക്കാര ചടങ്ങുകൾ‌ പൂർത്തിയായി. കേരളത്തിലെ കലാ-സാംസ്ക്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം നിരവധി പേരാണ് സുബിയെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. വാരാപ്പുഴ പുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ പ്രതിപക്ഷനേതാവ് വിഡി സതീശനടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

കരൾ രോഗത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്നലെ രാവിലെ പത്തു മണിയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെയാണ് വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്. അവിടെ 2 മണിക്കൂർ നീണ്ടു നിന്ന പൊതു ദർശനത്തിനു ശേഷം വരാപ്പുഴയിലെ പരുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു വയ്ക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നൃത്തത്തിലൂടെയാണ് കലാരംഗത്ത് എത്തുന്നത്. തുടർന്നു കോമഡി വേദികളിലേക്കു ചുവടുമാറി. ടെലിവിഷനിൽ കോമഡി പരിപാടികളുടെ തുടക്കക്കാരിലൊരാളാണു സുബി. സിനിമാല എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സ്വദേശത്തും വിദേശത്തുമായി നിരവധി പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. മിമിക്രി താരങ്ങൾക്കൊപ്പം നിരവധി കോമഡി സ്കിറ്റുകളിൽ തിളങ്ങി നിന്ന താരമായിരുന്നു സുബി.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടിയുടെ അവതാരികയുമായിരുന്നു. ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനത്തിലൂടെയാണു സിനിമയിലേക്ക് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണതത്ത, തസ്കരലഹള, ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com