
തിരുവനന്തപുരം: പാർട്ടിയിൽ സമ്പൂർണ പുനഃസംഘടനക്കായി കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് കെ. സുധാകരമോട് ഹൈക്കമാർഡ് ആവശ്യപ്പെട്ടതായും സുധാകരൻ അത് തള്ളിയതായും റിപ്പോർട്ടുകൾ. പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം.
സംസ്ഥാന കോണ്‍ഗ്രസില്‍ സമ്പൂർണ അഴിച്ചു പണിയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. തലപ്പത്തേക്ക് യുവാക്കളെ കൊണ്ടുവരാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നതെന്നും ദീപ ദാസ് മുന്‍ഷി സുധാകരനെ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സുധാകരന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടാന്‍ കഴിയാത്തതും മാറ്റത്തിന് കാരണമായി പരിഗണിക്കപ്പെട്ടു. എന്നാല്‍ ഹൈക്കമാന്‍റ് നിര്‍ദേശം കെ. സുധാകരന്‍ തള്ളിക്കളയുകയായിരുന്നു.
കെപിസിസിയിൽ നിലവിലുള്ള ഒഴിവുകൾ ആദ്യം നികത്താനാണ് സുധാകരൻ പ്രതികരിച്ചത്. ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും സുധാകരന്‍ നിഷേധിച്ചു. കെപിസിസി പ്രസിഡന്‍റ് പദവി മാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്നത് ചില ചാനലുകള്‍ നടത്തുന്ന ഊഹാപോഹങ്ങളാണെന്നാണ് സുധാകരന്‍റെ പ്രതികരണം.