'സിപിഎമ്മും ബിജെപിയും ചേർന്നുള്ള ഒത്തുകളി'; ലൈഫ് മിഷന്‍ കേസിൽ കക്ഷി ചേരുമെന്ന് സുധാകരൻ

കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ജയിലിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ തയാറായിട്ടില്ല
'സിപിഎമ്മും ബിജെപിയും ചേർന്നുള്ള ഒത്തുകളി'; ലൈഫ് മിഷന്‍ കേസിൽ കക്ഷി ചേരുമെന്ന് സുധാകരൻ
Updated on

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒത്തുകളിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണെന്നും മുഖ്യമന്ത്രിക്കിതിൽ വ്യക്തമായ അറിവുണ്ടായിരുന്നെന്നും ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്, എന്നാൽ, മുഖ്യമന്ത്രിയെ കേസിൽ പ്രതിചേർത്തിട്ടില്ല. ഇഡിയുടെ അതീവഗുരുതരമായ ഈ വീഴ്ചയ്‌ക്കെതിരേ വിചാരണവേളയില്‍ കോണ്‍ഗ്രസ് കക്ഷിചേരുമെന്നും സുധാകരൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മുഖ്യമന്ത്രി തട്ടിപ്പിൽ നേരിട്ടിടപെട്ടതിനുള്ള തെളിവുകൾ കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തുന്നുണ്ട്. എന്നാല്‍ ഈ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ജയിലിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ തയാറായിട്ടില്ല. 11 പ്രതികളുള്ള കേസിൽ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കേണ്ടതാണ്. എന്നാൽ, ബിജെപിയുമായി മറ്റൊരു ഒത്തുകളി നടത്തി മുഖ്യമന്ത്രി കേസിൽ നിന്ന് ഒഴിവായി.

നിയമം നിയമത്തിന്‍റെ വഴിക്കല്ല, പിണറായിയുടെ വഴിക്കാണ് പോവുന്നതെന്നും, കുറ്റം ചെയ്യാത്തവർക്കെതിരേ കേസെടുക്കുന്ന പിണറായിക്കും ഇഡിക്കും സ്വന്തം കാര്യം വരുമ്പോൾ നിയമം ഏട്ടിലെ പശുവാണെന്നും അദ്ദേഹം വിമർശിച്ചു.

കുറ്റപത്രത്തിൽ വിശദമായി പിണറായിയുടെ അഴിമതികൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കേസെടുക്കാത്തത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം ഇഡിയുടെ വിശ്വാസ്തത നഷ്ടമായതു കൊണ്ടാണ് നിയമനടപടികളിലേക്ക് കടക്കുന്നതെന്നും സുധാകരൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com