
ജോസ് നെല്ലേടം, എന്‍.എം. വിജയൻ
കൽപ്പറ്റ: ജില്ലയിലെ രണ്ടു പ്രധാന നേതാക്കളുടെ ആത്മഹത്യ കോൺഗ്രസിന്‍റെ വയനാട്ടിലെ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. കള്ളക്കേസും കൈയാങ്കളിയും സാമ്പത്തിക തിരിമറി ആരോപണങ്ങളും പിടിച്ചുലച്ച ജില്ലയിലെ കോൺഗ്രസിനെ കൂടുതൽ പിന്നോട്ടടിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പ്രാദേശികമായ ഗ്രൂപ്പു പോരാണ് ആദ്യം ഡിസിസി ട്രഷറായിരുന്ന എന്‍.എം. വിജയന്‍റെയും ജോസ് നെല്ലേടത്തിന്‍റെയും ജീവനെടുക്കുന്നതിലേക്ക് നയിച്ചത്. മുള്ളൻകൊല്ലിയിൽ പ്രാദേശിക നേതാക്കൾ തമ്മിലെ കിടമത്സരം നിയന്ത്രിക്കാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നതാണ് പ്രധാന ആരോപണം.
കോണ്‍ഗ്രസ് നേതാവ് കാനാട്ടുമലയില്‍ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിൽ അടച്ചതിന്‍റെ പശ്ചാത്തലത്തിലെ ആരോപണ പ്രത്യാരോപണങ്ങളാണ് ജോസ് നെല്ലേടത്തിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത്. തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയതിൽ ജോസിനും പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ അടിയില്‍ കവറില്‍വച്ചനിലയില്‍ സ്‌ഫോടകവസ്തുക്കളും കര്‍ണാടക നിര്‍മിത മദ്യവും കണ്ടെത്തിയതോടെയാണ് കാനാട്ടുമല തങ്കച്ചന്‍ അറസ്റ്റിലായത്. ഗ്രൂപ്പു വഴക്കിന്‍റെ ഭാഗമായി തങ്കച്ചനെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യം വാങ്ങിയയാൾ അറസ്റ്റിലായതും തങ്കച്ചന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതും.
ജോസ് നെല്ലേടത്തിന്‍റെ മരണത്തോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുകയാണ് കഴിഞ്ഞ ദിവസമാണ് ജോസിനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസിന്‍റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. പ്രതിസന്ധിയിൽ പാർട്ടി ഒപ്പം നിന്നില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ മനസ് തകർത്തെന്നും ആത്മഹത്യാ കുറിപ്പിൽ ഉള്ളതായി സൂചനയുണ്ട്. അതിനിടെ,
എന്‍.എം. വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച ഇവർ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പത്മജ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കെപിസിസി നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞുപറ്റിച്ചെന്നും പത്മജ ആരോപിച്ചിരുന്നു. അതേസമയം, എൻ.എം. വിജയന്‍റെ കുടുംബത്തെ പാർട്ടി സഹായിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കുടുംബം ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാൻ പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.