ശബരിമല സ്വർണക്കൊള്ള കേസ്; വിഷയത്തിൽ സമുദായത്തെ കരുവാക്കേണ്ടന്ന് ജി. സുകുമാരൻ നായർ

ആചാരാനുഷ്ഠാനങ്ങളും ഈശ്വര വിശ്വാസവും സംരക്ഷിക്കണമെന്നാണ് എൻഎസ്എസ് നിലപാട്
sukumaran nair about sabarimala

ജി. സുകുമാരൻ നായർ

Updated on

പെരുന്ന: ശബരിമല സ്വർണക്കവർച്ച കേസിൽ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും വിഷയത്തിൽ സമുദായത്തെ കരുവാക്കേണ്ടതില്ലെന്നും എൻഎസ്എസ്. കേസിൽ സർക്കാർ സംവിധാനങ്ങളും കോടതിയുമുണ്ടെന്നും അവർ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന സമുദായാചാര്യൻ മന്നത്ത് പത്മനാഭന്‍റെ 149ആം ജയന്തി ആഘോഷത്തിന്‍റെ ഭാഗമായുള്ള അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആചാരാനുഷ്ഠാനങ്ങളും ഈശ്വര വിശ്വാസവും സംരക്ഷിക്കണമെന്നാണ് എൻഎസ്എസിന്‍റെ നിലപാട്. ശബരിമല വിഷയം രാഷ്‌ട്രീയവുമായി കൂട്ടിച്ചേർക്കേണ്ട കാര്യമല്ല. വിശ്വാസ സംരക്ഷണത്തിന്‍റെ വിഷയമാണ്. രാഷ്‌ട്രീയക്കാർക്ക് ഈ ബോധം ഉണ്ടാവണം. നാനാജാതി മതസ്ഥർക്കും യഥേഷ്ടം ദർശനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ മുമ്പെന്നപോലെ തന്നെ തുടരണം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ആചാരങ്ങൾ മാറ്റംവരുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചപ്പോൾ എൻഎസ്എസിന് അതിനെ എതിർക്കേണ്ടിവന്നു. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഭക്തർക്ക് ദർശനം നടത്താൻ സാഹചര്യം ഒരുക്കി. ഈ നിലപാടുമാറ്റത്തിൽ വിശ്വാസികൾ സന്തോഷിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരം മനസിലാക്കി സർക്കാർ നിലപാട് മാറ്റിയതുകൊണ്ടാണ് പമ്പയിൽ നടത്തിയ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്. എൻഎസ്എസിനും അതിൽ പങ്കെടുക്കേണ്ട ധാർമിക ഉത്തരവാദിത്വം ഉണ്ടായി. അപ്പോഴാണ് പ്രക്ഷോഭത്തിൽനിന്ന് വിട്ടുനിന്ന പാർട്ടികൾ എൻഎസ്എസ് നിലപാടിനെ രാഷ്‌ട്രീയമായി ചിത്രീകരിച്ച് മുതലെടുപ്പിനായി രംഗത്തെത്തിയതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com