summer rain alert in all districts today
summer rain alert in all districts today

14 ജില്ലകളിലും മഴയ്ക്കു സാധ്യത

വെള്ളിയാഴ്ച 3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ( വ്യാഴം, വെള്ളി) ശക്തമായ മഴയ്ക്കു മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ മാസം 21 വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.

ലാ നിന വരും, കാലവർഷം ശക്തമാകും

സംസ്ഥാനത്ത് ഇത്തവണ കാലവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ആദ്യ ഘട്ട പ്രവചനം.

2,018.6 മില്ലീ മീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ, കഴിഞ്ഞ വർഷം 1327 മില്ലീ മീറ്റർ മാത്രമായിരുന്നു ലഭിച്ചത്. 34 ശതമാനത്തോളം മഴ കുറവ്. ഇത്തവണ ഈ കണക്കുകൾ മറികടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. മഴ കൂടുതൽ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ കാലാവസ്ഥാ ഏജൻസികളും പ്രവചിച്ചിരുന്നു. രാജ്യത്ത് പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന.