വേനൽ മഴ തുണച്ചു; വൈദ്യുതി ഉപയോഗത്തില്‍ കുറവ്

വേനൽ മഴ എത്തിയതോടെ എസി, ഫാൻ, കൂളർ തുടങ്ങിയവയുടെ ഉപയോഗം കുറഞ്ഞതായാണ് വിലയിരുത്തൽ
വേനൽ മഴ തുണച്ചു; വൈദ്യുതി ഉപയോഗത്തില്‍ കുറവ്

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: വേനൽ മഴ എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ് രേഖപ്പെടുത്തി. കടുത്ത വേനല്‍ച്ചൂട് മൂലം കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലായിരുന്നു. എന്നാൽ, ഞായറാഴ്ച ഇത് 97.0902 ദശലക്ഷം മെഗാ യൂണിറ്റായി കുറഞ്ഞു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി 5,097 മെഗാവാട്ടായി.

ശനിയാഴ്ച 105.8420 ദശലക്ഷം മെഗാ യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം. വൈകിട്ടത്തെ വൈദ്യുതി ആവശ്യകത 5,288 മെഗാവാട്ട് ആയിരുന്നു. ഇതാണ് ഒരു ദിവസം കൊണ്ട് ഉപയോഗം കുറഞ്ഞ് 97 ദശലക്ഷം യൂണിറ്റിലും വൈദ്യുതി ആവശ്യകത 5,097 മെഗാവാട്ടുമായി മാറിയത്. വേനൽ മഴ എത്തിയതോടെ എസി, ഫാൻ, കൂളർ തുടങ്ങിയവയുടെ ഉപയോഗം കുറഞ്ഞതായാണ് വിലയിരുത്തൽ.

വൈദ്യുതി പ്രതിസന്ധി രൂപപ്പെട്ടതോടെ പീക്ക് സമയത്തെ വൈദ്യുത ഉപയോഗം കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചിരുന്നു. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടെ അധിക ലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ലൈഫ് ഉയർത്താനും കഴിയുമെന്ന് കെഎസ്ഇബി മുന്നറിയിപ്പും നൽകി.

അതേസമയം, മധ്യ- തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ ഒറ്റപ്പെട്ട മഴ വരും ദിവസങ്ങളിലും തുടരുമെന്നത് വേനൽച്ചൂടിന് ആശ്വാസമാകും. കാസർഗോഡ്, തൃശൂർ, പാലക്കാട് ജില്ലകളിലൊഴികെ എല്ലായിടത്തും ഇന്ന് വേനൽ മഴ പ്രവചിച്ചിട്ടുണ്ട്. എന്നാൽ, വടക്കൻ ജില്ലകളിൽ പൊതുവെ വരണ്ട ചൂടേറിയ അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com