
തിരുവനന്തപുരം: ഡോ. ബി.എസ്. സുനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് സൂപ്രണ്ട് സ്ഥാനത്തു നിന്നു നീക്കി ആരോഗ്യ വകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അനസ്തേഷ്യ വിഭാഗം അസോ. പ്രൊഫസർ ജയചന്ദ്രനാണ് പുതിയ സൂപ്രണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന തുടർച്ചയായ വിവാദങ്ങൾക്കിടെയാണ് മാറ്റം. സ്ഥാനത്തു നിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് സുനിൽ കുമാർ നേരത്തെ മെഡിക്കൽ കോളെജ് പ്രിൻസിപ്പലിനു കത്ത് നൽകിയിരുന്നു.
സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്ന് സുനിൽ കുമാർ നൽകിയ കത്തിൽ പറയുന്നുണ്ട്. 2024 മേയ് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ സൂപ്രണ്ടായിരുന്നു ഡോ. ബി.എസ്. സുനിൽ കുമാർ.