
സച്ചിൻ വള്ളിക്കാട്
തൃശൂർ: വർഷങ്ങളായി പിരിഞ്ഞു നിൽക്കുന്ന സമസ്ത ഇകെ - എപി വിഭാഗങ്ങള്‍ തമ്മില്‍ ഐക്യചര്‍ച്ചകള്‍ക്ക് സാധ്യതയേറുന്നു. സമുദായ ഐക്യം വേണമെന്ന് കാലങ്ങളായി സമസ്തയിൽ ആവശ്യമുയരാറുണ്ട്. അണിയറ ചർച്ചകൾ ആരംഭിക്കലുണ്ടെങ്കിലും യാഥാർഥ്യമാകാറില്ല. എപി – ഇകെ ലയനത്തിന് അണികളെല്ലാം മാനസികമായി പല ഘട്ടങ്ങളിലും തയ്യാറാകാറുണ്ട്. നേതൃത്വത്തിന്‍റെ നിലപാടാണ് ഐക്യത്തിന് തടസമാകാറുള്ളത്. എന്നാൽ ഇത്തവണ നേതൃത്വം തന്നെ പരസ്യമായി രംഗത്തിറങ്ങുന്നത് സമുദായത്തിന് പ്രതീക്ഷയാണ് നൽകുന്നത്.
സമുദായ ഐക്യം വേണമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാരുടെ പ്രസ്താവനയ്ക്ക് പിന്നാലെ സ്വാഗതം ചെയ്ത് സമസ്ത ഇകെ വിഭാഗവും മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. ഇന്നലെ സുന്നി ഐക്യമെന്ന ആശയത്തോട് സമസ്തയ്ക്ക് യോജിപ്പാണെന്നു വാർത്താസമ്മേളനത്തിൽ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. എല്ലാ സുന്നികളും യോജിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്നും ഐക്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യത്തിന് ആരും കോടാലി വയക്കില്ല. യോജിപ്പിന്‍റെ വശങ്ങള്‍ എന്താണ് എന്ന് ആലോചിക്കേണ്ടി വരും. ചെറിയ വിട്ടുവീഴ്ചകള്‍ ഒക്കെ ചെയ്യേണ്ടി വരും. സുന്നി ഐക്യം എന്നും അനിവാര്യമാണ്. ഐക്യത്തിന് സമസ്ത പരമാവധി വിട്ടുവീഴ്ചക്ക് തയ്യാറാണ്. മധ്യസ്ഥതക്ക് ആര്‍ക്കും മുന്‍കൈ എടുക്കാം. സാദിഖലി തങ്ങള്‍ക്കും മുന്‍ കൈ എടുക്കാം. പാണക്കാട് കുടുംബത്തെയും സമസ്തയെയും അകറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ പാണക്കാട് കുടുംബം എന്നും സമസ്തയ്‌ക്കൊപ്പമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
നൂറാം വാർഷികത്തിന് തയ്യാറെടുക്കുകയാണ് സമസ്ത. ഐക്യ ചര്‍ച്ചകള്‍ക്ക് ഇനി ആര് മുന്‍കയ്യെടുക്കും എന്നതാണ് ഇനി പ്രധാനം. ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്നാണ് ലീഗിന്‍റെ നിലപാട്. ഏക സിവിൽ കോഡിനെതിരേ പ്രതിഷേധം യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും സംഘടനകൾ തയ്യാറെടുക്കുന്നുണ്ട്.
സമസ്ത പിളര്‍ന്ന് രണ്ടു സംഘടനയായി മാറുന്നത് 1989-ലാണ്. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ഇകെയുടെ കൂടെ നിന്നപ്പോള്‍ സുന്നി യുവജന സംഘവും (എസ്‌വൈഎസ്), സ്റ്റുഡന്‍റ് ഫെഡറേഷനും (എസ്എസ്എഫ്) മറ്റ് അനുബന്ധ സംഘടനകളും കാന്തപുരത്തിനൊപ്പം നില്‍ക്കുകയായിരുന്നു. അക്കാലം തൊട്ടാരംഭിക്കുന്നു ഇരുകൂട്ടരും തമ്മിലുള്ള വൈരത്തിന്‍റെ ചരിത്രം. മഹല്ലുകളിലെ ആധിപത്യത്തേയും പള്ളികളുടെ അവകാശത്തേയും ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും വരെ കലാശിച്ചിരുന്നു. കാന്തപുരം എൽഡിഎഫിനൊപ്പവും ഇകെ വിഭാഗം യുഡിഎഫിനൊപ്പവുമായിരുന്നു നിലനിൽക്കുന്നത്. കേരളത്തിലെ പ്രബല സുന്നി സംഘടനകൾ ഐക്യ പാതയിലേക്ക് കടന്നു വന്നതോടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിശ്വാസികൾ.