
ന്യൂഡൽഹി: ഏലയ്ക്കയിൽ കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയുടെ സാംപിൾ ഗുണനിലവാര പരിശോധന നടത്താൻ സുപ്രീംകോടതിയുടെ നിർദേശം. 6.65 ലക്ഷം ടൺ അരവണയുടെ വിതരണമാണ് തടഞ്ഞിരുന്നത്. ഇതിന്‍റെ സാംപിൾ വീണ്ടും ലാബോട്ടറിയിൽ പരിശോധനയ്ക്ക് അയക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
നേരത്തെ ഈ ആവശ്യം കേരള ഹൈക്കോടതി തടഞ്ഞിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്. ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർശിക്കുന്ന മാനദണ്ഡപ്രകാരമാണ് പരിശോധന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു. അതേസമയം, അഞ്ചുമാസത്തോളം സീൽ ചെയ്ത് ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരവണ പ്രസാദമായി ഭക്തർക്ക് നൽകില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.