
ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ. എം. ഷാജിക്കെതിരായ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതു സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു നീട്ടി. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ച് ഷാജി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ കണക്കിലെടുത്താണ് ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടാൻ സുപ്രീം കോടതി തീരുമാനിച്ചത്.
സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ കേസിലെ എതിർ കക്ഷികൾക്കു കോടതി നോട്ടിസ് അയച്ചിരുന്നു. ആറ് ആഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നായിരുന്നു നിർദേശം. വിജിലൻസ് കേസ് റദ്ദാക്കിയ സാഹചര്യത്തിൽ ഇഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് കെഎം ഷാജിക്കെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടിയും റദ്ദാക്കി.
അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം മുൻ എംഎൽഎ കൂടിയായ കെഎം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്. സിപിഎം പ്രാദേശിക നേതാവാണ് 2017ൽ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതി നൽകിയത്.