

തൃപ്പൂണിത്തുറ: വീണ്ടും പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ആരുടെയും പേര് പരാമർശിക്കാതെ അധിക്ഷേപം നടത്തിയത്. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച 'വികസിത തൃപ്പൂണിത്തുറയ്ക്കായ്' യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം.
"2015 മുതൽ എയിംസിനായി കൂടുതൽ ജില്ലകളുടെ പേര് നിർദേശിക്കാൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൽ എയിംസ് വരുന്നതിൽ പലർക്കും അങ്കലാപ്പ് കാണും. പുച്ഛിക്കും. അതവരുടെ ഡിഎൻഎയാണ്. അത് അവർ ചെയ്തോട്ടെ. പിഒഎസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാർക്കറ്റിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധൻ, സുപ്രീം കോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങൾ കണ്ടതല്ലേ.
അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്?ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോൾ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾ എന്താണ് പറഞ്ഞത്? വീ ഡോണ്ട് ടേക്ക് കറൻസി... എന്നിടത്ത് എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനെ എന്നുമാത്രമേ എനിക്ക് പറയാനുള്ളൂ.''- എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
എയിംസ് എന്തായലും കേരളത്തിൽ വരും. അത് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.