തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദം പുതിയ തലത്തിലേക്ക്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ സഹായിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു പൂരം കലക്കൽ എന്ന ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പൂരത്തിന്‍റെ രാത്രി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സൂചനകൾക്ക് വ്യക്തത വരുന്നത്. സേവാഭാരതിയുടെ ആംബുലൻസിൽ സ്ഥാനാർതിയെ കൊണ്ടു വന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺൾട്ടൻസിയായി പ്രവർത്തിച്ചിരുന്ന വരാഹി അനലിറ്റിക്സ് ആയിരുന്നു എന്നും ആരോപണം ഉയർന്നിട്ടുണ്ട്.
മന്ത്രി കെ. രാജനും എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറും അടക്കമുള്ളവർ, വാഹനം കടത്തി വിടാത്തതിനാൽ നടന്നാണ് സ്ഥലത്തെത്തിയത്. ഈ സമയത്താണ് സേവാഭാരതി ആംബുലൻസിൽ സുരേഷ് ഗോപിയുടെ വരവ്.
പൂരം അലങ്കോലമാക്കാൻ ബോധപൂർവമായ ശ്രമം നടന്നു എന്ന് അന്ന് ആദ്യം ആരോപണം ഉന്നയിക്കുന്നതും സുരേഷ് ഗോപി തന്നെയാണ്. എന്നാൽ, പൂരം ബോധപൂർവം കലക്കുകയും പ്രശ്നം പരിഹരിച്ചതിന്‍റെ ക്രെഡിറ്റ് സുരേഷ് ഗോപിക്കു നൽകുകയും ചെയ്യാനുള്ള ശ്രമമാണുണ്ടായതെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ അടക്കമുള്ളവർ ആരോപിച്ചിരുന്നു.
പൂരം കലക്കലിൽ ബിജെപിക്കു മാത്രമല്ല, സംസ്ഥാന സർക്കാരിനും പങ്കുണ്ടെന്ന ആരോപണം പല കോൺഗ്രസ് നേതാക്കളും ഉയർത്തുന്നുണ്ട്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സിപിഎമ്മിന്‍റെ ഒത്താശയോടെയാണ് ഈ പദ്ധതി നടപ്പാക്കിയതെന്നാണ് അവരുടെ വാദം.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തിലും തൃശൂർ പൂരം വിഷയമായിരുന്നു. എന്നാൽ, തൃശൂർ പൂരം കലക്കിയതാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അന്നു നിയോഗിച്ചത് ഇതേ അജിത് കുമാറിനെത്തന്നെയായിരുന്നു എന്നതാണ് വിചിത്രം. അജിത് കുമാർ ആർഎസ്എസ് നേതാവുമായി മാത്രമല്ല, വരാഹി അനലിറ്റിക്സിന്‍റെ പ്രതിനിധിയുമായും ചർച്ച നടത്തിയിരുന്നു എന്നാണ് പുതിയ ആരോപണം.
തൃശൂർ പൂരം അട്ടിമിറിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായിട്ടില്ലെന്ന മട്ടിലുള്ള അന്വേഷണ റിപ്പോർട്ടാണ് അജിത് കുമാർ സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്ന റിപ്പോർട്ട്, അഞ്ച് മാസം വൈകി, വിവാദം ഉയർന്ന പശ്ചാത്തലത്തിൽ മാത്രമാണ് സമർപ്പിച്ചതും.