10 പേർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നൽകി സുരേഷ് ഗോപി

താൻ നല്കിയ പണം തിരിച്ച് നല്കേണ്ടതില്ലെന്നും സർക്കാരിൽ നിന്നും തുക തിരിച്ച് കിട്ടുന്ന മുറയ്ക്ക് അടുത്ത പത്ത് പേർക്ക് ശസ്ത്രക്രിയ നടത്തണമെന്നും ചടങ്ങിൽ വച്ച് സുരേഷ് ഗോപി പറഞ്ഞു.
10 പേർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നൽകി സുരേഷ് ഗോപി

തൃശൂർ: ട്രാൻസ്ജെൻഡർ സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നൽകി തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ നെട്ടിശ്ശേരിയിൽ സുരേഷ് ഗോപിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ധനസഹായ വിവരവും ധനസഹായം ലഭിക്കുന്നവരുടെ പേരുകൾ പ്രഖ്യാപിച്ചത്. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർക്കായി 2023 ആഗസ്റ്റ് 22 ന് തൃശൂരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും നവംബർ 1 ന് കൊച്ചിയിൽ സംഘടിപ്പിച്ച കേരള പിറവി ആഘോഷത്തിലും മുഖ്യാതിഥി ആയി പങ്കെടുത്ത സുരേഷ് ഗോപി പത്ത് ട്രാൻസ്ജെൻഡർമാകുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട തുക താൻ നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നീ പത്ത് ചേർക്കാണ് ആദ്യ ഘട്ടത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. സർക്കാരിൽ നിന്നും ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ച് കിട്ടും. പക്ഷെ ഇതിന് ഒരു വർഷമെങ്കിലും കാലതാമസം വരും. പണം തിരിച്ച് കിട്ടുന്നത് പ്രകാരം അടുത്ത പത്ത് പേർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം.

താൻ നല്കിയ പണം തിരിച്ച് നല്കേണ്ടതില്ലെന്നും സർക്കാരിൽ നിന്നും തുക തിരിച്ച് കിട്ടുന്ന മുറയ്ക്ക് അടുത്ത പത്ത് പേർക്ക് ശസ്ത്രക്രിയ നടത്തണമെന്നും ചടങ്ങിൽ വച്ച് സുരേഷ് ഗോപി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത ട്രാൻസ്ജെൻഡർ വ്യക്തികളെ സുരേഷ് ഗോപി ഷാൾ അണിയിച്ച് ആദരിച്ചു.

പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി ഉത്തംകുമാർ നേതൃത്വം നല്കിയ ചടങ്ങിൽ സുജിത് ഭാരത്, കിരൺ കേശവൻ, ബൈജു പുല്ലംങ്കണ്ടം, ഷീബ സുനിൽ , ടി. ആർ ദേവൻ എന്നിവരും സംബന്ധിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com