'കനൽത്തരിയല്ലിത്, തീനാളം'; കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപിയുടെ പദയാത്ര

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിനു മുൻപിൽ നിന്നുമാരംഭിച്ച പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
സുരേഷ് ഗോപി
സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരേ പദയാത്ര ആരംഭിച്ച് സുരേഷ് ഗോപി. കരുവന്നൂരിൽ ഇഡി തുടരുന്ന നടപടികൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ തകർക്കാൻ വേണ്ടിയുള്ളതല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിനു മുൻപിൽ നിന്നുമാരംഭിച്ച പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കരുവന്നൂരിൽ നിന്നും തൃശൂരിലേക്കു നടത്തുന്ന പദയാത്ര കോർപ്പറേഷനു മുന്നിലെത്തി സമാപിക്കും. ‌

2016ൽ നോട്ടു നിരോധനം മുതൽ ആരംഭിച്ചതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ. അക്കാലത്ത് പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കുന്നതിനായി പിണറായിയും സംഘവും അരുൺ ജെയ്റ്റിലിയുടെ ഓഫിസിൽ എത്തിയിരുന്നു. അന്ന് അവിടെ താനുമുണ്ടായിരുന്നു. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനി കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വരെ വ്യാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കനൽത്തരിയല്ലിത് തീനാളമാണെന്നും കനൽത്തരി എന്നേ ചാരമായിപ്പോയെന്നും സുരേഷ് ഗോപി പരിഹസിച്ചു.

പാർട്ടി നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേർ പദയാത്രയിൽ പങ്കെടുത്തു. ഇരകൾ വേട്ടക്കാർക്കെതിരേ നടത്തുന്ന പദയാത്രയാണിതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

സുരേഷ് ഗോപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്നതിനുള്ള കളമൊരുക്കുകയാണ് ഇഡിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു.

കോൽക്കൊത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനമേറ്റെടുക്കുമെന്നും സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം തുടരാൻ കഴിയുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായും സുരേഷ് ഗോപി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചിരുന്നു. അതിനു പുറകേയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് കളമൊരുക്കിക്കൊണ്ട് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.