
സുരേഷ് ഗോപി.
ഫയൽ ഫോട്ടൊ
ഇരിങ്ങാലക്കുട: സഹായം ചോദിച്ചയാൾക്ക് വീണ്ടും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ അവഹേളനം. കഴിഞ്ഞ ദിവസം മുതിർന്ന പൗരനിൽ നിന്ന് നിവേദനം കൈപ്പറ്റാൻ വിസമ്മതിച്ച സുരേഷ് ഗോപി ഇത്തവണ സഹായം ചോദിച്ച സ്ത്രീയെയാണ് അവഹേളിച്ചത്.
കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാണ് 'കലുങ്ക് സഭയിൽ' വച്ച് വയോധിക സഹായം തേടിയത്. അത് മുഖ്യമന്ത്രിയോടു ചോദിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം.
തനിക്കു മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റുമോ എന്ന് അവർ വീണ്ടും ചോദിച്ചപ്പോൾ, ''എങ്കിൽ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ'' എന്നായി കേന്ദ്ര സഹമന്ത്രി. കേട്ടുനിന്ന ആരാധകർ പരിഹാസത്തിൽ പങ്കുചേർന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തു.
തുടർന്ന് ചെറിയൊരു സിനിമാ സ്റ്റൈൽ ഡയലോഗ് ഡെലിവറി കൂടി നടത്തിയാണ് സൂപ്പർ സ്റ്റാർ കലിപ്പടക്കിയത്. ''കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട്, ഇടപാടുകാർക്കു തിരിച്ചു കൊടുക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ? ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോടു പറയൂ. പരസ്യമായിട്ടാണ് ഞാനിതു പറയുന്നത്''- സ്വയം കട്ട് പറഞ്ഞിട്ടും നിർത്താതെ സുരേഷ് ഗോപി തുടർന്നു- ''നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്?''
ഇതിനു ശേഷമാണ്, ''ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ'' എന്ന് സഹായം തേടിയ സ്ത്രീ ചോദിക്കുന്നത്. അല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ''ഞാൻ ഈ രാജ്യത്തിന്‍റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ചു തരാൻ പറയൂ''- കേന്ദ്രമന്ത്രിയുടെ ഗർജനം അനുയായികൾ ആസ്വദിക്കുമ്പോൾ, എന്തു ചോദിച്ചാലും തരുന്ന എസ്ജിയെ കാണാനെത്തിയ വയോധിക പ്രതീക്ഷകൾ അസ്തമിച്ച തല കുനിച്ചു.
കഴിഞ്ഞ ദിവസം വീട് വയ്ക്കാൻ സഹായം തേടുന്ന നിവേദനമാണ് സുരേഷ് ഗോപി കൈപ്പറ്റാൻ വിസമ്മതിച്ചത്. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാനില്ലെന്നായിരുന്നു അതിന് ആദ്യം നടത്തിയ വിശദീകരണം.
നിവേദനം കൈപ്പറ്റാത്തത് കൈപ്പിഴയാണെന്നും, ചിലർ അതെച്ചൊല്ലി വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, 24 മണിക്കൂറിനു ശേഷം പുതിയ വിശദീകരണവും വന്നു. തൊട്ടു പിന്നാലെയാണ് മന്ത്രിയുടെ തനിനിറം വീണ്ടും നാട്ടുകാർ കണ്ടത്.