
ഗുരുവായൂര്‍: ക്ഷേത്രനടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാന്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി എത്തി. തന്‍റെ മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാന്‍ ധന്യയോടും ഭര്‍ത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഗുരുവായൂരിൽ സംഘടിപ്പിച്ച ""കോഫി ടൈം വിത്ത് എസ്ജി'' എന്ന പരിപാടിയിലായിരുന്നു കൂടിക്കാഴ്ച.
200 മുഴം മുല്ലപ്പൂവും 100 മുഴം പിച്ചിപ്പൂവും 16നു രാത്രി എത്തിച്ചുതരണമെന്നാണ് ആവശ്യപ്പെട്ടത്. വാഴനാരിൽ കെട്ടി വേണമെന്നും കൈകൊണ്ട് മുഴം അളക്കരുതെന്നും നിർദേശിച്ചു. പെട്ടെന്ന് വാടുകയില്ലല്ലോ എന്ന കാര്യവും സുരേഷ് ഗോപി ഉറപ്പുവരുത്തി.
വെറുതേ കാശ് കൊടുത്തതല്ലെന്നും അവരുടെ അധ്വാനം അതിൽ വരുമെന്നും ധന്യയ്‌ക്ക് ഓർഡർ നൽകിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. എന്‍റെ മകളുടെ മാംഗല്യത്തിലേക്കു ഗുരുവായൂരപ്പന്‍റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്നൊക്കെ വിചാരിച്ച് ചെയ്തതാണ്. നിങ്ങളാണ് ധന്യയുടെ വാർത്ത തന്‍റെ മുമ്പിലെത്തിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുവായൂരിൽ കുഞ്ഞിനെ ഒക്കത്തിരുത്തി മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹൃദ്രോഗിയായ ഭർത്താവിന്‍റെയും പരസഹായമില്ലാതെ നടക്കാനാവാത്ത അമ്മയുടെയും ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ വഴിയോരത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്നത്. വീട്ടിൽ മകനെ നോക്കാൻ മറ്റാരുമില്ലാത്തതിനാലാണ് കുഞ്ഞുമായി ധന്യ മുല്ലപ്പൂ വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ, കുഞ്ഞിനെ കാട്ടി പൂക്കച്ചവടം നടത്തുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ അവർക്കെതിരേയുണ്ടായി.
"അവർ കുഞ്ഞിനെ പൂട്ടിയിട്ട് ഇറങ്ങിയില്ലല്ലോ. അങ്ങിനെ ചെയ്ത് എന്തെങ്കിലും സംഭവിച്ചാൽ സമൂഹം അവരെ കുറ്റം പറയില്ലേ. നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ ഉത്തരവാദിത്വം എന്താണെന്നത് കുഞ്ഞിന്‍റെ ചോരയിൽ പതിയും. ഇത് കാണുന്ന മറ്റു മക്കൾക്ക് അമ്മമാരോട് സ്‌നേഹം വർധിക്കും. സ്‌നേഹമാണ് എല്ലാം. ഇന്ന് കാലത്ത് മക്കൾക്ക് അമ്മമാരോട് സ്‌നേഹം ഇല്ലാതെ പോകുന്നു. സ്‌നേഹത്തിനുള്ള സന്ദേശമാണിത്''- സുരേഷ് ഗോപി പറഞ്ഞു.
"സുരേഷ് ഗോപിയെ കാണാനും പ്രശ്നങ്ങൾ പറയാനും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും, ഇപ്പോൾ അദ്ദേഹം തങ്ങളെ കാണാനെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന്‍റെ മകളുടെ കല്യാണം സ്വന്തം അനിയത്തിക്കുട്ടിയുടേത് എന്ന പോലെ നടത്തിക്കൊടുക്കുമെന്നും'' ധന്യ പ്രതികരിച്ചു. ഇതര ജാതിക്കാരനെ പ്രേമിച്ചു വിവാഹം കഴിച്ചതിനാൽ ധന്യയോടു കുടുംബത്തിനു ബന്ധമൊന്നുമില്ല. വാടക വീട്ടിലാണു താമസം.