കൊച്ചി: സിനിമയില്ലെങ്കിൽ താൻ മരിച്ചു പോകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പരിതപിച്ചത്. എന്നാൽ, കേന്ദ്ര മന്ത്രിയായിരിക്കുമ്പോൾ മറ്റു ജോലികൾ ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ പ്രതിസന്ധിയിലേക്കാണ് അദ്ദേഹം നീങ്ങുന്നതെന്നാണ് സൂചന.
കേന്ദ്ര - സംസ്ഥാന മന്ത്രിമാർക്ക് നിലവിലുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച്, പ്രതിഫലം കിട്ടുന്ന മറ്റൊരു ജോലിയും അവർ ചെയ്യാൻ പാടില്ല. എന്നാൽ, സുരേഷ് ഗോപിയാകട്ടെ, പുതിയ സിനിമയിൽ അഭിനിയിക്കുന്നതിനുള്ള തയാറെടുപ്പിലുമാണ്. തെരഞ്ഞെടുപ്പിൽ ജയിക്കും മുൻപു തന്നെ ഉറപ്പിച്ച വേറെയും സിനിമ കരാറുകളുമുണ്ട്.
ഏറ്റെടുത്ത സിനിമകളുടെ കടലാസ് കേന്ദ്രമന്ത്രി അമിത് ഷാ ചവറ്റുകുട്ടയിലിട്ടു എന്നാണ് സുരേഷ് ഗോപി തന്നെ പറയുന്നത്. ഉദ്ഘാടനത്തിനും മറ്റു പരിപാടികൾക്കും വിളിച്ചാൽ നടനെന്ന നിലയിലായിരിക്കും താൻ വരുന്നതെന്നും, അതിനു കൃത്യമായി പണം വാങ്ങുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
മന്ത്രിയെന്ന നിലയിൽ സൗജന്യമായി ഇത്തരം പരിപാടികളിൽ പങ്കെടുക്കില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടം നോക്കിയാൽ ഇത്തരത്തിലും പണം വാങ്ങാൻ അനുവാദമില്ല എന്നതാണ് വസ്തുത.
ഏറ്റെടുത്ത സിനിമകൾ തീർത്തിട്ട് മന്ത്രിസ്ഥാനം ഏറ്റെടുക്കാമെന്നും, അതുവരെ തൃശൂരിന്‍റെ കാര്യങ്ങൾ നോക്കാൻ തന്‍റെ ചൊൽപ്പടിക്ക് അഞ്ച് മന്ത്രിമാരെ കിട്ടണമെന്നും ആവശ്യപ്പെട്ടതായും സുരേഷ് ഗോപി തന്നെ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, മോദി മന്ത്രിസഭ അധികാരമേറ്റപ്പോൾ തന്നെ സുരേഷ് ഗോപിയും സഹമന്ത്രിയായി അതിൽ ഉൾപ്പെടുകയായിരുന്നു.