മറിയക്കുട്ടിക്കും അന്നയ്ക്കും സുരേഷ് ഗോപിയുടെ വക പെൻഷൻ

എംപി പെൻഷനിൽ നിന്നു പ്രതിമാസം 1600 രൂപ നൽകും
Suresh Gopi
Suresh Gopi

അടിമാലി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ യാചനാസമരവുമായി തെരുവിലിറങ്ങിയ അടിമാലിയിലെ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്‍റെ എം,പി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ നല്‍കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. സംസ്ഥാനം തെറ്റായ കണക്കുകള്‍ നല്‍കിയതുകൊണ്ടാണ് ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം നല്‍കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടിമാലിയില്‍ വച്ച് ഇരുവരെയും സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നത്. ചീഫ് സെക്രട്ടറി ശരിയായ കണക്കുകള്‍ അവതരിപ്പിക്കട്ടെ. തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു. പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നുണ്ട്. ഇത് പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോടതിയില്‍ ചീഫ് സെക്രട്ടറി കണക്ക് അവതരിപ്പിക്കട്ടെ. രണ്ട് രൂപ വച്ച് എത്ര രൂപ പിരിച്ചു. ക്ഷേമപെന്‍ഷന് മാത്രം എത്ര കൊടുത്തു. ബാക്കി വക മാറ്റി വല്ലതും ചിലവാക്കിയോ. ജനങ്ങള്‍ ഇനി ഈ തുക നല്‍കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിക്കട്ടെ, സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, തനിക്കെതിരെ നടന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറിയക്കുട്ടി അടിമാലി മുന്‍സിഫ് കോടതിയില്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. . ക്ഷേമപെന്‍ഷന്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയിലും മറിയക്കുട്ടി ഹര്‍ജി നല്‍കും.ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ കാലതാമസം വന്നതിനെത്തുടര്‍ന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയില്‍ ഭിക്ഷയാചിച്ച് സമരം ചെയ്തത്. പിന്നാലെ, ഇവരെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്തെത്തി. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. പിന്നാലെ, വിഷയത്തില്‍ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com