വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

ജസ്റ്റിസ് എം.ബി. സ്നേഹലതയുടേതാണ് ഉത്തരവ്.
Surrogacy; High Court rejects petition to increase couple's age

കേരള ഹൈക്കോടതി

file photo

Updated on

കൊച്ചി: വാടക ഗർഭധാരണത്തിനുള്ള പ്രായപരിധിയിൽ ഇളവുതേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. വാടക ഗർഭധാരണത്തിന് അനുമതി നൽകുന്നതിൽ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് ഗർഭധാരണത്തിന് തയാറാകുന്ന അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം തുടങ്ങിയവ കണക്കിലെടുത്താണെന്നും അത് ഭരണഘടനവിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാടക ഗർഭധാരണത്തിന് ഭർത്താവിന്‍റെ ഉയർന്ന പ്രായ പരിധി 55 ആയും ഭാര്യയുടേത് 50 ആയും നിശ്ചയിച്ച വ്യവസ്ഥ ചോദ്യം ചെയ്ത ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് എം.ബി. സ്നേഹലതയുടേതാണ് ഉത്തരവ്.

ഹർജിക്കാരുടെ കാര്യത്തിൽ ഭർത്താവിന്‍റെ പ്രായം 57 ആയതിനാൽ വാടക ഗർഭധാരണത്തിന് അനുമതി ലഭിച്ചില്ല. തുടർന്നാണ് 2021ലെ വാടക ഗർഭധാരണ നിയന്ത്രണ നിയമത്തിലെ പ്രായപരിധി വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹർജി നൽകിയത്.

സറഗസി നിയമപ്രകാരം ദമ്പതികളിൽ സ്ത്രീക്ക് 23 മുതൽ 50 വരെയും പുരുഷന് 26 മുതൽ 55 വരെയുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. ഇത് യുക്തിപരമായ നിയന്ത്രണമാണെന്നും ഭരണഘടന സാധുതയുള്ളതാണെന്നും കോടതി വിലയിരുത്തി.

2022 ജനുവരി 25ന് നിയമം പ്രാബല്യത്തിൽ വരും മുമ്പ് വാടക ഗർഭധാരണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. 2022ൽ നിയമം പ്രാബല്യത്തിലാകും മുമ്പ് വാടക ഗർഭധാരണ നടപടികൾ ആരംഭിച്ചവർക്കു മാത്രമേ സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം ഇളവ് ലഭിക്കൂ. ഈ കേസിൽ 2023ലാണ് ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചത്. അതിനാൽ ഈ ഇളവ് ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com