

രാഹുൽ മാങ്കൂട്ടത്തിൽ |ഫെനി നൈനാൻ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരേ പരാതി നൽകിയ മൂന്നാമത്തെ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. തന്നെ വ്യക്തപരമായി അധിക്ഷേപിക്കാനാണ് ഫെനി നൈനാൻ ശ്രമിക്കുന്നതെന്ന് അതിജീവിത ആരോപിക്കുന്നു. കൂടുതൽ അതിജീവിതമാർ മുന്നോട്ട് വരാതിരിക്കാൻ വാലും തലയുമില്ലാത്ത ചാറ്റ് പ്രചരിപ്പിക്കുകയാണെന്നും അതിജീവിത ആരോപിക്കുന്നു.
വാലും തലയുമില്ലാത്ത ചാറ്റാണ് പുറത്തു വന്നത്. 2025 ഓഗസ്റ്റിലാണ് രാഹുലിനെക്കുറിച്ചുള്ള വാർത്ത പുറത്തു വരുന്നത്. വ്യക്തത വരുത്താനാണ് രാഹുലിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. അടൂരിലേക്ക് വരരുതെന്നും പാലക്കാട്ടേക്ക് എത്തണമെന്നും പറഞ്ഞു. പിന്നീട് കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുകയായിരുന്നു. വ്യക്തിപരമായ കാരണം ഉള്ളതുകൊണ്ടാണ് സുരക്ഷിതമായ ഇടം വേണമെന്ന് ആവശ്യപ്പെട്ടത്.
ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാനാണ് മൂന്നു നാല് മണിക്കൂർ സമയം വേണം എന്ന് പറഞ്ഞത്. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കിൽ മറ്റു രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്നേഹത്തോടെ പറയുന്നു ഞാൻ ഇതൊന്നും കണ്ടു പേടിക്കില്ല. ശബ്ദ സന്ദേശത്തിൽ അതിജീവിത പറയുന്നു. ഫെനി നൈനാൻ ചാറ്റ് പുറത്തു വിട്ടതിന് പിന്നാലെ അതിജീവിതയ്ക്കെതിരേ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്.
രാഹുലിനെ സ്വകാര്യമായി കാണണമെന്നും ഫ്ലാറ്റിൽ എത്താമെന്നുമുള്ള അതിജീവിതയുടെ ചാറ്റാണ് പുറത്തു വന്നത്. ഫെയ്സ് ബുക്കിലൂടെ ചാറ്റിന്‍റെ സ്ക്രീൻഷോട്ട് അടക്കം പ്രചരിപ്പിച്ചായിരുന്നു ഫെനിയുടെ പ്രതികരണം. 2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്റ്റോബറിൽ അതേ 3 മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്‍റെ ലോജിക് എന്താണെന്നും ഫെനി കുറിപ്പിൽ ചോദിച്ചിരുന്നു.