

"ആ മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, വീണ്ടും കാണും വരെ അമ്മയുടെ ഹൃദയത്തിൽ നീ ഉണ്ടാകും'': അതിജീവിത
representative image
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരിയായ അതിജീവിത. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ദൈവത്തിന് നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
ലോകം കേൾക്കാത്ത നിലവിളികൾ ദൈവം കേട്ടു. സ്വർഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന്. വിശ്വസിച്ചതിന്... എന്നും അതിജീവിത കുറിച്ചു
കുറിപ്പ് ഇങ്ങനെ...
'പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകളും, വഞ്ചനകളും അതിജീവിക്കാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാത്ത നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ തുണയായി.സ്വർഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന്. വിശ്വസിച്ചതിന്.
അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ആക്രമണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും അവർ മുക്തരാകട്ടെ. ഞങ്ങളുടെ കുഞ്ഞു മക്കളെ, ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുകയാണെങ്കിൽ, നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ലെന്ന് ആ കണ്ണുനീർ പറയും.
നിങ്ങളുടെ സാന്നിധ്യം അത്രമേൽ പ്രധാനപ്പെട്ടതാണ്. നമ്മൾ ഇനിയും കാണുന്നത് വരെ അമ്മയുടെ ഹൃദയത്തിൽ നീ എന്നുമുണ്ടാകും. കുഞ്ഞാറ്റേ, അമ്മ നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു.''