

Rahul Mamkootathil
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലെനെതിരേ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. തന്‍റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഇതോടെ രാഹുലിനെതിരായ കുരുക്ക് മുറുകും.
രാഹുലിനെതിരേ ബിഎൻഎസ് 84 പ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ആവശ്യം. രാഹുൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാലക്കാട് നിന്ന് മത്സരിച്ചേക്കുമെന്നുള്ള സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് വീണ്ടും പരാതി എത്തിയിരിക്കുന്നത്.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുകയായിരുന്നെന്ന് പരാതിയിൽ പരാമർശിക്കുന്നു. തനിക്ക് മാനനഷ്ടം ഉണ്ടാവുകയും തന്‍റെ കുടുംബ ജീവിതം തകർക്കുകയും ചെയ്തു. മതാപിതാക്കളുടെ ഏക മകനായ താൻ അവർക്കൊപ്പം നാട്ടിലാണ് കഴിഞ്ഞിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റക്കായിരുന്നു താമസം. ഇത് അവസരമാക്കിയ രാഹുൽ ഭാര്യയെ വശീകരിക്കുകയായിരുന്നെനന്നും പരാതിയിൽ അദ്ദേഹം പറയുന്നു.
ഭർത്താവുമായുള്ള പ്രശ്ന പരിഹാരത്തിന് ഇടപെടുകയായിരുന്നെന്നായിരുന്നു രാഹുലിന്‍റെ വാദം. ഇത് പൂർണമായും തള്ളുന്നതാണ് ഭർത്താവിന്‍റെ പ്രതികരണം. പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ രാഹുൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. പരാതിയും കേസുമായി യുവതി മുന്നോട്ട് പോവുമ്പോൾ ഇതിന്‍റെ യഥാർഥ ഇര താനാണ്. വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നത്. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നു. മാനസികമായ തളർന്ന താൻ കേസുമായി മുന്നോട്ടു പോകും. ആവശ്യമെങ്കിൽ കൂടുതൽ തെളിവുകൾ കൈമാറും. നേരത്തെ യുവതിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഭർത്താവിന്‍റെ മൊഴി എടുത്തിരുന്നു.