

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചുവച്ച അധ്യാപകനു നേരെ പ്ലസ് വൺ വിദ്യാർഥി കൊലവിളി നടത്തിയ വിഡിയൊ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിൽ അധ്യാപകർക്ക് രൂക്ഷ വിമർശനവുമായി സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്.
കുട്ടിയുടെ വിഡിയൊ എടുത്ത് പ്രചരിപ്പിച്ചവരൊന്നും അധ്യാപകരായിരിക്കാൻ യോഗ്യരല്ലെന്നും, സത്യത്തിൽ അധ്യാപകർക്ക് ബിവറേജിൽ മദ്യം എടുത്തുകൊടുക്കുന്ന പരിപാടിയായിരിക്കും നല്ലതെന്നും സ്വാമി തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
എന്താണ് നമ്മുടെ കുട്ടികൾക്കും അധ്യാപകർക്കും സംഭവിക്കുന്നതെന്ന് ചോദിച്ച് നിരവധി പേരാണ് ഈ വിഡിയൊ കണ്ട് തനിക്ക് സന്ദേശങ്ങളയിക്കുന്നതെന്ന് സ്വാമി പറഞ്ഞു.
ചിന്‍മയാനന്ദ സ്വാമികളുടെ ‘യൂത്ത് ആര്‍ നോട്ട് യൂസ്‌ലെസ്, ദേ ആര്‍ യൂസ്‌ഡ് ലെസ്’ (Youth are not useless, they are used less) എന്ന വാക്യമാണ് ഈ വിഡിയൊ കണ്ടപ്പോള്‍ തനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു.
കുട്ടികളുടെ സര്‍ഗശേഷി തിരിച്ചറിയേണ്ടവരാണ് അധ്യാപകര്‍, അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കേണ്ടവരും അധ്യാപകരാണ്. ഇതു കേള്‍ക്കുന്ന അധ്യാപകര്‍ ചിന്തിക്കുന്നത് തന്നെക്കുറിച്ചാകുമെന്നും, സ്വാമിക്ക് അങ്ങനെയങ്ങ് പറഞ്ഞു പറഞ്ഞുപോകാമല്ലോ എന്നു വിചാരിക്കുമെന്നും സന്ദീപാനന്ദ ഗിരി പറയുന്നു.
കുട്ടികളെ കേള്‍ക്കണം, പ്രശ്നങ്ങള്‍ അറിയണം, കരുതലും സ്നേഹവും നല്‍കണമെന്നും സ്വാമി പറഞ്ഞു. ആ സ്കൂള്‍ ആംബിയന്‍സിനും അധ്യാപകര്‍ക്കും എന്തൊക്കെയോ പ്രശ്നമുണ്ട്. അധ്യാപകര്‍ക്ക് ട്രെയിനിങ് കൊടുക്കാനായി ഒരു മാസത്തെ അവധി സര്‍ക്കാര്‍ മാറ്റിവയ്ക്കണമെന്നും സ്വാമി കൂട്ടിച്ചേർത്തു.