"എന്തിനാ വാവേ ഇത് ചെയ്തത്", ഹൃദയം പൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്, സഹിക്കാൻ കഴിയുന്നില്ലെന്ന് ടി. സിദ്ദിഖ്

ദീപക്കിന്‍റെ വീട്ടിൽ എത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷമായിരുന്നു സിദ്ദിഖിന്‍റെ പ്രതികരണം
 t siddhique reacts on deepak death

"എന്തിനാ വാവേ ഇത് ചെയ്തത്", ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്, സഹിക്കാൻ കഴിയുന്നില്ലെന്ന് ടി. സിദ്ദിഖ്

Updated on

ദീപക്കിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സ്ത്രീക്കെതിരേ നിയമനടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്. ദീപക്കിന്‍റെ വീട്ടിൽ എത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷമായിരുന്നു സിദ്ദിഖിന്‍റെ പ്രതികരണം. ഒരു കുടുംബത്തിന്‍റെ വലിയ പ്രതീക്ഷയാണ് ഇല്ലാതായത്. ദീപക്കിന്‍റെ അച്ഛന്‍റേയും അമ്മയുടേയും വേദന കണ്ടിട്ട് സഹിക്കാനാവുന്നില്ലെന്നും ദീപക്കിന് നീതി ലഭിക്കണമെന്നും സിദ്ദിഖ് കുറിച്ചു.

"എത്ര നിസാരമായാണ് ഒരു പാവം യുവാവിന്‍റെ ഒരു ജീവൻ നഷ്ടമായത്. സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകർക്കാൻ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകൾ അറിയാതെ ലോകം ഒരാൾക്കെതിരെ തിരിയും… ചിലർക്ക് താങ്ങാൻ കഴിഞ്ഞേക്കാം … എന്നാൽ ദീപകിന് അതിന് കഴിഞ്ഞില്ല. ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട്, അപമാനം താങ്ങാനാവാതെ ദീപക് ജീവനൊടുക്കിയപ്പോൾ… സമൂഹം ചിലതൊക്കെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു… ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ സമൂഹം ഉണർന്ന് പ്രവർത്തിക്കണം."- സിദ്ദിഖ് കുറിച്ചു.

ടി. സിദ്ദിഖിന്‍റെ കുറിപ്പ്

ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ…

“എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാൻ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ…? എന്തിനാ വാവേ ഇത് ചെയ്തത്.. എന്റെ കുട്ടീന്റെ മുഖോക്കെ മാറിപ്പോയല്ലോ... എന്തിനു പാവമായിട്ട് ചെയ്തത്? എന്തിനു വാവേ ഇത് ചെയ്തത്..?”

“ആകെ ഒരു മകനേയുള്ളൂ…” അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ ഹൃദയം തകർന്ന് വാക്കുകൾ കിട്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ നെഞ്ചൊന്നാളിപ്പോയി… ആരുണ്ട് അവർക്കിനി..!

കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവൻ നഷ്ടമായത്. സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകർക്കാൻ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകൾ അറിയാതെ ലോകം ഒരാൾക്കെതിരെ തിരിയും… ചിലർക്ക് താങ്ങാൻ കഴിഞ്ഞേക്കാം … എന്നാൽ ദീപകിന് അതിന് കഴിഞ്ഞില്ല… അപമാനഭാരത്താൽ അവൻ പോകാൻ തീരുമാനിച്ചു… തകർത്തത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷ തന്നെയായിരുന്നു. ഇനി വൈകുന്നേരങ്ങളിൽ മകൻ വരുന്നത് നോക്കിയിരിക്കാൻ ആ അമ്മയ്ക്ക് കഴിയില്ല… അച്ഛന് കഴിയില്ല… ഒരു തണൽ മരമാണ് കൊഴിഞ്ഞ് പോയത്…

നാൽപ്പത് വയസ്സായെങ്കിലും ആ അമ്മയ്ക്ക് അവൻ ഇന്നും 'അമ്മയുടെ കുട്ടി' ആണ്. എന്തിനാണ് തന്റെ മകൻ ഇത് ചെയ്തതെന്ന് ആ പാവം അമ്മയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അവൻ ഒരു തെറ്റും ചെയ്യില്ല എന്ന് ആ അമ്മയ്ക്ക് ഉറപ്പാണ്… ആ വീഡിയോ കണ്ട ലോകം വിലയിരുത്തിയതും അതാണ്…

ജീവിതത്തിന്റെ അവസാന കാലത്ത് താങ്ങാവേണ്ട മകൻ മുന്നിൽ അനക്കമില്ലാതെ കിടക്കുമ്പോൾ… അവനൊപ്പം പോകാൻ ആഗ്രഹിക്കുന്ന ഒരമ്മയുടെ നിസ്സഹായമായ കരച്ചിൽ ഉള്ളുലയ്ക്കുന്നു… ആ അമ്മയ്ക്ക് നീതി വേണം… ആ നീതി നടപ്പിലാക്കണം… ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം…

ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് ആര് സമാധാനം പറയും..? ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട്, അപമാനം താങ്ങാനാവാതെ ദീപക് ജീവനൊടുക്കിയപ്പോൾ… സമൂഹം ചിലതൊക്കെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു… ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ സമൂഹം ഉണർന്ന് പ്രവർത്തിക്കണം… ദീപക് പോകാൻ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് നമ്മൾ ഇത് ചർച്ച ചെയ്യുന്നത്… ദീപകിന്‍റേത് ഭാവിയിൽ സോഷ്യൽമീഡിയയിൽ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകൾക്കുള്ള രക്തസാക്ഷിത്വമാണ്…

ദീപകിന് നീതി ലഭിക്കണം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com