ശബരിമല സ്വർണക്കൊള്ള: നടന്നത് വൻ ഗൂഢാലോചന

ഉണ്ണികൃഷ്ണന്‍ പോറ്റി തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെയും ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളിയിലും സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനെതിരെയും മൊഴി നല്‍കി
ശബരിമല സ്വർണക്കൊള്ള: നടന്നത് വൻ ഗൂഢാലോചന | Sabarimala gold controversy

ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളി പുനസ്ഥാപിക്കുന്നു.

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിഞ്ഞത് വന്‍ ഗൂഢാലോചന. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റോടെ കേസ് നിര്‍ണായ വഴിത്തിരിവിലെന്നാണ് വിവരം. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെയും ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളിയിലും സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനെതിരെയും മൊഴി നല്‍കി.

ഗൂഢാലോചനയില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും സ്വര്‍ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അതേസമയം, കട്ടിളപ്പാളിയില്‍ സ്വർണം പൂശിയതിൽ സാമ്പത്തിക ലാഭം ഉണ്ടാക്കാനായില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണം പൂശി വന്നപ്പോള്‍ മൂന്ന് ലക്ഷം തനിക്കു നഷ്ടം വന്നു. പിന്നീടാണ് ദ്വാരപാലക പാളികള്‍ കൊണ്ടുപോയി സ്വര്‍ണം തട്ടാന്‍ തീരുമാനിച്ചത്. ഇതിന് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചു.

സ്വര്‍ണം ചെമ്പുപാളികളായി എഴുതാന്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. എന്നാൽ, ഭരണസമിതിയിലുണ്ടായിരുന്ന നേതാക്കൾ ആരുടെയെങ്കിലും പേര് പോറ്റി പറഞ്ഞതായി വ്യക്തമല്ല. ഉദ്യോഗസ്ഥര്‍ക്കു പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പറയുന്നു.

സ്മാര്‍ട്ട് ക്രിയേഷന്‍സിലും വന്‍ ഗൂഢാലോചന നടന്നുവെന്നും പോറ്റി മൊഴി നല്‍കി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും പോറ്റിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ നാഗേഷും തമ്മില്‍ ബന്ധമുണ്ടെന്നും പോറ്റി മൊഴി നല്‍കി. അതേസമയം, നാഗേഷ്, മറ്റൊരു സ്‌പോണ്‍സറായ കല്‍പേഷ് എന്നിവരെക്കുറിച്ചുള്ള ഒരു വിവരവും അന്വേഷണ സംഘത്തിന് ശേഖരിക്കാനായിട്ടില്ല. കല്‍പേഷ് വന്നതും ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ പറഞ്ഞു.

ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കല്‍പേഷ് എന്നൊരാളിനെ കുറിച്ച് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ പോയി പങ്കജ് ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എസ്ഐടിക്ക് വിവരം ലഭിച്ചു. കൂടിക്കാഴ്ചക്ക് ശേഷമാണ് പോറ്റി അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കാനെത്തിയത്.

ദേവസ്വം വിജിലന്‍സ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കും മുമ്പായിരുന്നു ദുരൂഹമായ കൂടിക്കാഴ്ച നടന്നത്. ഈ സാഹചര്യത്തില്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം കണ്ടെത്താനുള്ള ആശ്രമത്തിലാണ് എസ്ഐടി. അതേസമയം, രണ്ടു കിലോ സ്വര്‍ണം പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റാന്നിമജിസ്ട്രേറ്റ് കോടതിയിൽ സമയർപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. ഇത് പരിഗണിച്ചാണ് കോടതി 30 വരെ കസ്റ്റഡിയിൽ വിട്ടത്. പത്തുമണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ പുലർച്ചയോടെ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്‌-പി ശശിധരന്‍റെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യൽ നടന്നത്‌. പിന്നാലെയാണ് അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോയത്.

പോറ്റി തട്ടിയത് രണ്ടു കിലോ സ്വർണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയത് രണ്ട് കിലോ സ്വര്‍ണമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തിയ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയതോടെ പോറ്റിയെ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്14 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടുപ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

സ്വര്‍ണക്കൊള്ളയില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനും പങ്കുണ്ട്. അവരുടെ സഹായത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചത്. പാളികളിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമം നടന്നു. മറ്റ് എട്ടു പ്രതികള്‍ക്ക് അന്യായ ലാഭമുണ്ടാക്കാന്‍ പോറ്റി ഇടപെട്ടു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയാണ് പോറ്റി നല്‍കിയിരിക്കുന്നത്. പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും പറയുന്നു.

അതേസമയം, ഹൈക്കോടതി നിർദേശപ്രകാരം രഹസ്യമായായിരുന്നു കോടതി നടപടികള്‍. മജിസ്‌ട്രേറ്റ്, പ്രതി, പ്രോസിക്യൂഷന്‍, പ്രതിഭാഗം അഭിഭാഷകന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, കോടതിയിലെ പ്രധാന ജീവനക്കാര്‍ എന്നിവര്‍ മാത്രമാണ് കോടതിക്ക് അകത്തുണ്ടായത്. ഇതിനിടെ അഭിഭാഷകനോട് സംസാരിക്കാന്‍ പോറ്റിക്ക് കോടതി 10 മിനിട്ട് സമയം നല്‍കി. മാധ്യമ പ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് എത്തിയവരേയും കോടതിയില്‍ നിന്ന് മാറ്റി.

എന്നെ കുടുക്കിയവര്‍ നിയമത്തിനു മുന്നിൽ വരും: ഉണ്ണികൃഷ്ണൻ പോറ്റി

തന്നെ കുടുക്കിയവര്‍ നിയമത്തിനു മുന്നിൽ വരുമെന്ന്, കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് പോറ്റി പറയുന്നത്.

പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും. അതിനിടെ കോടതിയിൽ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബിജെപി പ്രവര്‍ത്തകൻ ചെരുപ്പെറിഞ്ഞു. ബിജെപി പ്രാദേശിക നേതാവാണ് ചെരുപ്പെറിഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com