തഹാവൂർ റാണ കൊച്ചിയിൽ സന്ദർശിച്ചവരെ കണ്ടെത്താൻ ശ്രമം

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുടെ കൊച്ചി സന്ദര്‍ശനത്തിനു ശേഷമാണ് കേരളത്തിൽ തീവ്രവാദ സ്ലീപ്പർ സെല്ലുകൾ സജീവമായതെന്ന് സൂചന
When NIA took custody of Mumbai blast accused Tahawwur Rana

തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയപ്പോൾ.

Updated on

ജിബി സദാശിവൻ

കൊച്ചി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുടെ കൊച്ചി സന്ദര്‍ശനത്തിനു ശേഷമാണ് കേരളത്തിൽ തീവ്രവാദ സ്ലീപ്പർ സെല്ലുകൾ സജീവമായതെന്ന് സൂചന. ചോദ്യംചെയ്യലിൽ, കൊച്ചിയിൽ റാണയെ സന്ദർശിച്ചവരുടെ പേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസി.

ഇവരുടെ പേരുകൾ ലഭ്യമായാൽ ചോദ്യം ചെയ്യലിലേക്ക് കടക്കും. കൊച്ചിയിൽ റാണ എത്തിയത് ചില രഹസ്യ കൂടികാഴ്ച്ചകൾക്ക് വേണ്ടിയാണെന്ന് എൻഐഎ സംശയിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന് കേരളത്തിൽ നിന്നുള്ള ചിലരുടെ സഹായം ഉറപ്പാക്കാനായിരുന്നു റാണയുടെ വരവെന്നാണ് എൻഐഎ നിഗമനം.

തഹാവൂര്‍ ഹുസൈന്‍ റാണ എന്ന പേരില്‍ത്തന്നെയാണ് ഇയാൾ കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്ത് മൂന്നുനാലുദിവസം തങ്ങിയത്. റാണയെ കൊച്ചിയില്‍ നേരിട്ടെത്തിച്ച് തെളിവെടുക്കുന്നത് എന്‍ഐഎ പരിഗണനയിലുണ്ട്. എന്നാല്‍ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമേ അതിനുള്ള നീക്കമുണ്ടാകൂ.

2008 നവംബര്‍ 16നാണ് തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത്. മുംബൈ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷത്തിനുശേഷം ഇയാള്‍ വിദേശത്തുവച്ച് പിടിയിലായപ്പോഴാണ് കൊച്ചി സന്ദര്‍ശനത്തെക്കുറിച്ച് വിവരം ലഭിച്ചത്. റാണ കൊച്ചിയിലെ ഹോട്ടലില്‍ തങ്ങിയെന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ സന്ദര്‍ശനോദ്ദേശ്യം അവ്യക്തമാണ്.

വിദേശ റിക്രൂട്ട്മെന്‍റ് നടത്താനെന്ന വ്യാജേനയാണ് റാണ മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ തങ്ങിയതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. യുഎസ്, ക്യാനഡ എന്നിവിടങ്ങളില്‍ തൊഴിലവസരം ഉണ്ടെന്ന് കാട്ടി ഇയാള്‍ പരസ്യം നല്‍കിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിശ്വസ്തനാണ് റാണ. മുംബൈ ഭീകരാക്രമണം നടന്ന് തൊട്ടടുത്ത വര്‍ഷമാണ് ഹെഡ്‌ലി അമെരിക്കയില്‍ അറസ്റ്റിലാകുന്നത്.

ഒരു വര്‍ഷത്തിനുശേഷം ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലെ എന്‍ഐഎ സംഘം യുഎസ് ജയിലിലെത്തി ഇയാളെ ചോദ്യംചെയ്തു. 72 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനോട് ഹെ‌ഡ്‌ലി സഹകരിച്ചതായി ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com