
കേരളത്തിന്‍റെ സ്വന്തം ഇന്‍റര്‍നെറ്റ് പദ്ധതിയായ കെ ഫോണിനെപ്പറ്റി പഠനം നടത്താന്‍ തമിഴ്‌നാട് സർക്കാർ.
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ഇന്‍റര്‍നെറ്റ് പദ്ധതിയായ കെ ഫോണിനെപ്പറ്റി പഠനം നടത്താന്‍ തമിഴ്‌നാട് സർക്കാർ. തമിഴ്നാട് ഫൈബര്‍നെറ്റ് കോര്‍പ്പറേഷന്‍ (ടാന്‍ഫിനെറ്റ്) ടീം കെ ഫോണ്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തുകയും കെഫോണ്‍ ടീമുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
കെ ഫോണിനെ പ്രതിനിധീകരിച്ച് കെ ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു, സിടിഒ മുരളി കിഷോര്‍, സിഎസ്ഒ ബില്‍സ്റ്റിന്‍ ഡി. ജിയോ, ഡിജിഎം മധു എം. നായര്‍ തുടങ്ങിയവരുമായി ടാന്‍ഫിനെറ്റ് ടീം ചര്‍ച്ച നടത്തി. ടാന്‍ഫിനെറ്റ് സിടിഒ അജിത്ത് പോള്‍, മാര്‍ക്കറ്റിങ്ങ് ഹെഡ് ബാല സുബ്രമണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടാന്‍ഫിനെറ്റ് ടീം കെഫോണ്‍ സന്ദര്‍ശനം നടത്തിയത്.
കെ ഫോണ്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയ രീതി, ഒരു ലക്ഷത്തിലധികം ഉപയോക്താക്കളെ ആകര്‍ഷിച്ച പ്രവര്‍ത്തന പദ്ധതി, ട്രാഫിക് എന്‍ജിനീയറിങ്, പദ്ധതിയുടെ ഗുണഫലങ്ങള്‍, ബിസ്‌നസ് മോഡല്‍, കെഫോണ്‍ പദ്ധതിയുടെ ആര്‍ക്കിടെക്ചര്‍ മികവ്, നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ് സെന്‍റര്‍ ഹെല്‍പ്പ് ഡസ്‌ക് മാനേജ്‌മെന്‍റ്, ട്രാഫിക്ക് യൂട്രിലൈസേഷന്‍, കെഫോണ്‍ നെറ്റ്‌വര്‍ക്കിന്‍റെ വളര്‍ച്ച, കസ്റ്റമര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് എസ്എല്‍എ (സര്‍വീസ് ലെവല്‍ എഗ്രിമെന്‍റ്) മീറ്റിങ്, നെറ്റുവര്‍ക്ക് അപ്ഗ്രഡേഷന്‍, കസ്റ്റമര്‍ കംപ്ലെയിന്‍റ്സ് മാനെജ്‌മെന്‍റ് തുടങ്ങിയവയാണ് ടാന്‍ഫിനെറ്റ് ടീം പ്രധാനമായും കെ ഫോണില്‍ നിന്ന് കണ്ടറിഞ്ഞ് മനസിലാക്കാനെത്തിയത്.