ആഗോള അയ്യപ്പ സംഗമം; പ്രസംഗിക്കാൻ ക്ഷണം വൈകിയതിൽ തമിഴ്നാട് മന്ത്രിക്ക് അതൃപ്തി

ഓ​ൺ​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത 4245 പേ​രി​ൽ 623 പേ​ർ മാത്രമാണ് വേ​ദി​യി​ൽ എ​ത്തി​യ​ത്
tamilnadu minister disappointed in delay for speech at ayappa sangam

പളനിവേൽ ത്യാഗരാജൻ

Updated on

പമ്പ: ശബരിമല വികസനത്തിന്‍റെ പേരിൽ സർക്കാർ ഏറെ പ്രചാരണങ്ങളോടെ പമ്പാതീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് കേവലം ആയിരത്തോളം പേർ. മൂവായിരത്തിൽപ്പരം പ്രതിനിധികൾ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടന സമയം വരെ എത്തിയത് വളരെ ചുരുക്കംപേർ.

രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമത്തിന് തിരികൊളുത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വേദിക്കുമുന്നിലെ ഒഴിഞ്ഞ കസേരകൾ കണ്ട് അമ്പരന്ന് സംഘാടകർ പത്തുമണിയിലേക്ക് മാറ്റി.

ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത 4245 പേരിൽ 623 പേർ മാത്രമാണ് വേദിയിൽ എത്തിയത്. ദേവസ്വംബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറോളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി. അതേസമയം രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡ് അവകാശപ്പെടുന്നത്. ചടങ്ങിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും മൂന്നു ദേവസ്വം ബോർഡുകളിലെ ജീവനക്കാരും സിപിഎം, സിപിഐ പ്രവർത്തകരുമായിരുന്നു.

വിവിധ ദേവസ്വം ബോർഡുകളിൽ നിന്നെത്തിയ ജീവനക്കാരുടെ കഴുത്തിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് ഇതിനു തെളിവായി. പുറത്തുനിന്ന് ധാരാളം ഭക്തർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള ചുരക്കം ചിലർ മാത്രമേ സംഗമത്തിൽ പങ്കെടുത്തുള്ളൂ. പ്രവേശനം നിയന്ത്രിച്ചിരുന്നതുമൂലം മലചവിട്ടാനെത്തിയ അയ്യപ്പന്മാർ പന്തലിനുള്ളിലേക്ക് കടന്നതുമില്ല. പങ്കാളിത്തം കുറഞ്ഞതോടെ സംഘാടകർ ഉദ്ഘാടനച്ചടങ്ങ് പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിപ്പിച്ചു.

കേരളത്തിനു പുറത്ത് തമിഴ്നാട്ടിൽ നിന്നു മാത്രമാണു സർക്കാർ പ്രതിനിധികളെത്തിയത്. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബുവും ഐടി മന്ത്രി പളനിവേൽ ത്യാഗരാജനുമായിരുന്നു ഇവർ. പ്രസംഗിക്കാൻ ക്ഷണിക്കാൻ വൈകിയെന്ന കാരണത്താൽ പളനിവേൽ ത്യാഗരാജൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങിയത് കല്ലുകടിയുണ്ടാക്കി. എന്നാൽ, വൈകിട്ടു ദർശനം നടത്തേണ്ടതിനാൽ അദ്ദേഹം തിരക്കുകൂട്ടിയതാണെന്നാണു സംഘാടകരുടെ വിശദീകരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com