
താനൂർ: താനൂർ കസ്റ്റഡി മരണക്കേസിൽ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. കേസിൽ ഇതുവരെ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല. കൊലക്കുറ്റം ഉൾപ്പടെ 8 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുതത്ത്.
അന്വേഷണ രേഖകൾ തിരൂർ കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസ് പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റും. മുന്‍പ് താനൂർ കസ്റ്റഡി മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തമിർ ജാഫ്രിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
അതേസമയം, നേരത്തെ പൊലീസ് മർദനം കാരണമാണ് തമിർ മരണപ്പെട്ടതെന്ന് തെളിയിക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൂടാതെ ഉദ്യോഗസ്ഥർ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് മർദിച്ചുവെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. തലയ്ക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമാണ് തമിറിന്‍റെ മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്.