
മലപ്പുറം: താനൂർ പൊലീസിന്‍റെ കസ്റ്റഡിയിലിരുന്ന തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കസ്റ്റഡിയിലിരിക്കെ മർദനമേറ്റിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മരിച്ച യുവാവിന്‍റെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നതായും ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായിരുന്നതായും കണ്ടെത്തി. ഇതുകൂടാതെ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ നിരവധി പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു. ഹൃദയ ധമനികൾക്കും തടസമുണ്ടായിരുന്നു. ആമാശയത്തിൽ നിന്നും നേരത്തെ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക്ക് കവറുകൾ കണ്ടെത്തിയതിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു.
ഇയാളുടെ ശരീരത്തിൽ 13 പരിക്കുകൾ ഉണ്ടായിരുന്നതായും ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നും നേരത്തെ തെളിഞ്ഞിരുന്നു. മരണക്കാരണം തെളിയിക്കുന്ന റിപ്പോർട്ട് എത്രേയും പെട്ടന്ന് ലഭിക്കണമെന്ന ആവശ്യവുമായി താമിർ ജിഫ്രിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ കഴിഞ്ഞ വ്യാഴാഴ്ച എസ്ഐ ഉൾപ്പടെ 8 പൊലീസുകരെ സസ്പെന്‍റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലിലായിരുന്നു നടപടി.