

ഭർത്താവ് കരൾ പകുത്ത് നൽകി; എന്നിട്ടും സുഹൃത്തിനൊപ്പം നാടു വിട്ട് അധ്യാപിക, ഒടുവിൽ മനംമാറ്റം
MV graphics
കോഴിക്കോട്: സുഹൃത്തിനൊപ്പം നാടുവിട്ട അധ്യാപികയെ കണ്ടെത്തി പൊലീസ്. മൊയിലോത്തറ എൽപി സ്കൂളിലെ അധ്യാപികയായ കെ.അനുമോളെയാണ് പൊലീസ് പാലക്കാട് നിന്ന് കണ്ടെത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിൽ കുടുംബവുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വന്തം കുടുംബത്തിനൊപ്പം പോകാൻ അനുമോൾ തീരുമാനിക്കുകയായിരുന്നു. അബ്ദുൽ സമദ് എന്ന സുഹൃത്തിനൊപ്പമാണ്12 ദിവസത്തിനു ശേഷം അനുമോളെ പൊലീസ് കണ്ടെത്തിയത്. നിരവധി ക്രിമിനൽ
കേസുകളിൽ പ്രതിയാണ് ഇയാൾ. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായ കരൾരോഗം ഭേദമാക്കാനായി ഭർത്താവ് സുഭാഷ് കരൾ പകുത്തു നൽകിയതോടെയാണ് അനുമോളും കുടുംബവും മാധ്യമങ്ങളിൽ ഇടം പിടിച്ചത്. ചികിത്സാ ചെലവ് താങ്ങാൻ ആകാത്തതിനാൽ ജനകീയ സമിതി രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. അസുഖം മാറിയതിനു ശേഷം അനുമോൾ പിഎസ്സി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി സർക്കാർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
അബ്ദുൽ സമദിനെ വടകര കോടതിയിലും അനുമോളെ കല്ലാച്ചി കോടതിയിലും ആണ് ഹാജരാക്കിയത്. തുടർന്ന് അനുമോൾ സ്വന്തം കുടുംബത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് കോടതിയെ അറിയിച്ചു. അബ്ദുൽ സമദിനെയും കുടുംബത്തിനൊപ്പം വിട്ടയച്ചു. മക്കളെ ഉപേക്ഷിച്ച് പോയതിന് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറി.