
തലപ്പാടി അപകടത്തിൽ മരണം 6 ആയി; രൂക്ഷ വിമർശനവുമായി എംഎൽഎ
കാസർഗോഡ്: കാസർഗോഡ് കർണാടക അതിർത്തി പ്രദേശമായ തലപ്പാടിയിലുണ്ടായ അപകടത്തിൽ മരണം ആറായി. കർണാടക ആർടിസി ബസാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്കും സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇടിച്ചു കയറിയത്. ഡ്രൈവർ ഉൾപ്പെടെ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ച 6 പേരും കർണാടക സ്വദേശികളാണെന്നാണ് വിവരം.
കർണാടക സ്പീക്കർ യു.ടി. ഖാദർ അപകടസ്ഥലം സന്ദർശിച്ചു. കർണാടക ആർടിസി ബസിന് ഇൻഷുറൻസ് ഇല്ലെന്ന് കാട്ടി രൂക്ഷ വിമർശനവുമായി എംഎൽഎ എൻ.എ. നെല്ലിക്കുന്ന് രംഗത്തെത്തി. ബസിന്‍റെ ടയർ തേഞ്ഞു തീർന്ന നിലയിലാണെന്നും എംഎല്‍എ ആരോപിച്ചു.
കാസർഗോഡ് നിന്നും മംഗലാപുരത്തേക്ക് പോവേണ്ട ബസ് സർവീസ് റോഡിലൂടെ സഞ്ചരിക്കേണ്ടതിന് പകരം ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.