

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; കേസിൽ പ്രതി ചേർത്തയാൾക്ക് മുൻകൂർ ജാമ‍്യം
കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് തീയിട്ട കേസിൽ പ്രതി ചേർത്തയാൾക്ക് കോടതി മുൻകൂർ ജാമ‍്യം നൽകി. താമരശേരി സ്വദേശി സാജിറിനാണ് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഫ്രെഷ് കട്ട് കേസിൽ ആദ‍്യമായാണ് ജാമ‍്യം നൽകുന്നത്.
അറവ് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ‍്യപ്പെട്ടായിരുന്നു ജനങ്ങൾ പ്രതിഷേധം നടത്തിയത്. പിന്നീട് പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഫാക്റ്ററിയിൽ നിന്നും വന്ന ദുർഗന്ധത്തിന് പരിഹാരം ലഭിക്കാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പടെ 16 പൊലീസ് ഉദ‍്യോഗസ്ഥർക്കും 25ഓളം നാട്ടുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു.