കുറ്റാരോപിതരെ വകവരുത്തുമെന്ന് ഊമക്കത്ത്, അന്വേഷണം ആരംഭിച്ച് പൊലീസ്

അക്രമണത്തിൽ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
thamarassery student's murder: police launch investigation, vow to bring the culprits to justice

കുറ്റാരോപിതരെ വകവരുത്തുമെന്ന് ഊമക്കത്ത്, അന്വേഷണം ആരംഭിച്ച് പൊലീസ്

Updated on

കോഴിക്കോട്: താമരശേരിയിലെ ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി വന്ന ഊമക്കത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. താരമശേരി കോരങ്ങാട് ജി വി എച്ച് എസ് സ്കൂളിലെ പ്രധാന അധ്യാപകന് തപാൽ വഴിയാണ് ഊമക്കത്ത് ലഭിച്ചത്.

പരീക്ഷ കഴിയും മുമ്പ് തന്നെ വിദ്യാർഥികളെ അപായപ്പെടുത്തുമെന്നാണ് കത്തിലുണ്ടായിരുന്നത്. സാധാരണ തപാലിൽ വിലാസം രേഖപ്പെടുത്താതെയായിരുന്നു കത്ത് സ്കൂളിൽ ലഭിച്ചത്. കത്ത് ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്കൂൾ അധികൃതർ കൈമാറുകയായിരുന്നു.

പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപാണ് കത്ത് അയച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റോഫീസ് സീല്‍ കണ്ടെത്തി അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഫെബ്രുവരി 28നാണ് താമരശേരിയിലെ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഷഹബാസിന് ജീവൻ നഷ്ടമാകുന്നത്. ട്യൂഷൻ സെന്‍ററിലെ സെന്‍റ് ഓഫിനിടെയുണ്ടായ പ്രശ്നങ്ങളാണ് കുട്ടികളിൽ വൈരാഗ്യത്തിന് കാരണമായത്. അക്രമണത്തിൽ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർഥികളുടെ അടിയിൽ ഷഹബാസിന്‍റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com