
ഗായത്രി, പ്രവീൺ
തിരുവനന്തപുരം: തമ്പാനൂർ ഗായത്രി വധക്കേസിൽ പ്രതി പ്രവീണിന് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സിജു ഷെയ്ക്കാണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് അഞ്ചിനാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിയെ (25) സുഹൃത്തായിരുന്ന കൊല്ലം പരവൂർ സ്വദേശി പ്രവീൺ കൊലപ്പെടുത്തിയത്.
നഗരത്തിലെ ജ്വല്ലറിയിൽ ഡ്രൈവറായിരുന്ന പ്രവീണും റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയും അടുപ്പത്തിലായിരുന്നു. പ്രവീൺ വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണെന്ന വിവരം ഗായത്രിയോട് മറച്ചു വയ്ക്കുകയായിരുന്നു. ഇക്കാര്യം മനസിലാക്കിയ ഗായത്രി ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
വിവാഹമോചനം നേടി ഗായത്രിയെ വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകിയ പ്രവീൺ 2021ൽ ഗായത്രിയെ താലി കെട്ടി. ഇരുവരുടെയും വിവാഹം നടന്ന വിവരം പ്രവീണിന്‍റെ ഭാര്യ അറിയുകയും ജ്വല്ലറിയിൽ വന്ന് ബഹളം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ഗായത്രി ജോലി രാജിവച്ചു.
തുടർന്ന് പ്രവീൺ 2022 മാർച്ച് 5ന് തമ്പാനൂർ ഹോട്ടൽ മുറിയിൽ ഗായത്രിയെ കൊണ്ടു വരുകയായിരുന്നു. വൈകിട്ട് ഗായത്രിയുടെ ചുരിദാറിന്‍റെ ഷാൾ കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.