''സ്റ്റാർട്ടപ്പ് മുന്നേറ്റം കടലാസിലൊതുങ്ങരുത്'', നിലപാട് തിരുത്തി ശശി തരൂർ

കേരളത്തിന്‍റെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള കഥകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ അല്ല എന്നറിഞ്ഞത് ഞെട്ടിക്കുന്നു എന്ന് തരൂരിന്‍റെ പുതിയ ലേഖനത്തിൽ പറയുന്നു
Shashi Tharoor corrects himself on Kerala startup growth
ശശി തരൂർ
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതിനു പിന്നാലെ, കേരളത്തിലെ വ്യവസായ രംഗത്തെ പുരോഗതി സംബന്ധിച്ച തന്‍റെ ലേഖനത്തിലെ നിലപാട് തിരുത്തി കോൺഗ്രസ് പ്രവർത്തക സമതി അംഗം ശശി തരൂർ. സൂക്ഷ്മ–ചെറുകിട വ്യവസായരംഗത്തെ സ്റ്റാർട്ടപ്പുകളിൽ കേരളത്തിന്‍റെ മുന്നേറ്റം കടലാസിൽ മാത്രം ഒതുങ്ങുന്നതാകരുതെന്ന് തരൂർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

കേരളത്തിന്‍റെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള കഥകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ അല്ല എന്നറിഞ്ഞത് ഞെട്ടിക്കുന്നു. കേരള സർക്കാരിന്‍റെ അവകാശവാദങ്ങൾ ശരിയായ ലക്ഷ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണന്നതു മാത്രമാണ് ഏക ആശ്വാസം. നമുക്ക് സൂക്ഷ്മ–ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആവശ്യമാണ്. അത് കടലാസിൽ മാത്രമാകരുത്. ഇക്കാര്യത്തിൽ കേരളം മുന്നോട്ടു പോകണമെന്നാണ് ഇംഗ്ലീഷ് ദിനപത്രത്തിലെ റിപ്പോർട്ടുകളടക്കം ചൂണ്ടിക്കാട്ടി തരൂർ പറയുന്നു.

ഒമ്പത് വർഷത്തിനിടെ കേരളത്തിൽ 42,000ൽ ഏറെ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾ അടച്ചുപൂട്ടിയെന്നാണ് തരൂർ പങ്കുവെച്ച വാർത്തയിലെ കണക്കുകൾ. സംസ്ഥാനത്ത് വ്യവസായ പുരോഗതിയെ ലേഖനത്തിലൂടെ പ്രശംസിച്ച തരൂരിനെതിരേ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ട് ചർച്ച നടത്തിയപ്പോൾ തനിക്ക് ലഭിച്ച വിവരം വച്ചാണ് അഭിപ്രായപ്രകടനം നടത്തിയതെന്നും, അത് തെറ്റാണെന്ന വിവരങ്ങൾ ലഭിച്ചാൽ പറഞ്ഞത് തിരുത്താമെന്നുമായിരുന്നു തരൂരിന്‍റെ നിലപാട്.

കേരളത്തിൽ തെരഞ്ഞെടുപ്പുകളടുക്കാനിരിക്കെ നേതാക്കളുടെ അഭിപ്രായങ്ങളിൽ ഐക്യം വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കേരള നേതാക്കളുടെ യോഗത്തിലും ഹൈക്കമാൻഡ് ആവർത്തിച്ചു. ഇന്ന് നിയമസഭ വീണ്ടും ചേരാനിരിക്കെ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം തരൂരിന്‍റെ വാക്കുകൾ ആയുധമാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടി തീരുമാനം അംഗീകരിച്ച് തരൂർ നിലപാട് തിരുത്തിയത്.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് പട്ടികയിൽ കേരളം മുന്നേറിയതും നേട്ടമാണ്. രണ്ടോ മൂന്നോ വർഷം മുൻപ് വരെ അമേരിക്കയിലും സിംഗപ്പുരിലും ബിസിനസ് ആരംഭിക്കാൻ രണ്ടു ദിവസം മാത്രം മതിയെന്നിരിക്കെ ഇന്ത്യയിൽ 114 ദിവസവും കേരളത്തിൽ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുൻപ് വ്യവസായമന്ത്രി പി. രാജീവ് പ്രഖ്യാപിച്ചത് ഇപ്പോൾ കേരളത്തിൽ രണ്ടു മിനിറ്റ് കൊണ്ട് ബിസിനസ് തുടങ്ങാമെന്നാണ്. 2,90,000 ചെറുകിട സംരംഭങ്ങൾ തുടങ്ങി.

ഇടതു സർക്കാരിന്‍റെ കീഴിലാണ് ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നതെന്നത് ആശ്ചര്യകരമാണ്. എന്നാൽ, അവർ ഭരിക്കുമ്പോൾ മാത്രമാണ് ഈ നിലപാടുള്ളത്. 2026 തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അവർ പഴയ സ്വഭാവത്തിലേക്കു മടങ്ങുമെന്നാണു കരുതപ്പെടുന്നത്. എന്നാൽ ഇതു പാടില്ല. എല്ലാവരും ഒരുമിച്ചു പരിശ്രമിച്ചാൽ കേരളത്തിന്‍റെ ഭാവി കൂടുതൽ ശോഭിതമാകുമെന്നായിരുന്നു തരൂരിന്‍റെ ലേഖനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com