
മുംബൈ: കാണിക്കയായി ഭക്തർ സമർപ്പിക്കുന്ന നാണയങ്ങൾ അക്കൗണ്ടിലേക്കു മാറ്റാനൊരുങ്ങുമ്പോൾ ബാങ്കുകൾ മുഖം തിരിക്കുന്നു. ക്ഷേത്രത്തിലാകട്ടെ, ഓരോ ദിവസവും കുറഞ്ഞത് അരലക്ഷത്തിലേറെ രൂപയുടെ നാണയങ്ങൾ എത്തിക്കൊണ്ടുമിരിക്കുന്നു. വിശേഷ ദിവസങ്ങളിൽ കാണിക്കവരവ് ലക്ഷങ്ങളിലേക്കെത്തും. ഈ നാണയങ്ങളെല്ലാം ഇനിയെന്തു ചെയ്യും? കൗതുകമുണർത്തുന്ന പ്രതിസന്ധിയിലാണു ഷിർദി സായിബാബ ക്ഷേത്രവും ശ്രീ സായിബാബ സനാതൻ ട്രസ്റ്റും (എസ്എസ്എസ്ടി).
ക്ഷേത്രത്തിൽ പ്രതിമാസം 28 ലക്ഷത്തോളം രൂപയുടെ നാണയങ്ങളാണ് ഭക്തർ സമർപ്പിക്കുന്നത്. ഇവയെല്ലാം അതതു മാസങ്ങളിൽ ബാങ്കുകളിൽ നിക്ഷേപിക്കുകയാണു പതിവ്. ഇതിനായി നാലു ദേശസാത്കൃത ബാങ്കുകളുടെ 13 ബ്രാഞ്ചുകളിൽ ട്രസ്റ്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഷിർദിയിലും നാസിക്കിലുമാണ് ഈ ബ്രാഞ്ചുകൾ.
ഓരോ മാസം ഓരോ ബ്രാഞ്ച് എന്ന കണക്കിൽ ഇതിനകം 13 ബ്രാഞ്ചിലുമായി 11 കോടി രൂപയുടെ നാണയങ്ങൾ നിക്ഷേപിച്ചു. കൊവിഡ് കാലത്ത് വരവ് കുറഞ്ഞെങ്കിലും ജനജീവിതം സാധാരണ നിലയിലായതോടെ സമീപകാലത്ത് വീണ്ടും കാണിക്കപ്പണം വർധിച്ചു. ഇങ്ങനെ ലഭിച്ച നാണയങ്ങളുമായി ട്രസ്റ്റ് അധികൃതർ ചെന്നപ്പോഴാണു ബാങ്കുകൾ മുഖംതിരിച്ചത്. നാണയങ്ങൾ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നുവെന്നും സൂക്ഷിക്കാൻ സ്ഥലമില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. ഇതോടെ, സമീപജില്ലയായ അഹമ്മദ് നഗറിലെ ബ്രാഞ്ചുകളിലും നിക്ഷേപം തുടങ്ങിയെങ്കിലും ഇപ്പോൾ അവരും കൈയൊഴിഞ്ഞു.
""എന്റെ ബ്രാഞ്ചിൽ 1.6 കോടിയുടെ നാണയമാണു കെട്ടിക്കിടക്കുന്നത്. മറ്റൊരു ബ്രാഞ്ചിൽ മൂന്നു കോടിയുടെ നാണയമുണ്ട്. വേറൊരിടത്ത് സ്ട്രോങ് റൂം നിറഞ്ഞതിനാൽ ബാങ്കിനുള്ളിൽ വെറുതേ ചാക്കിൽ അടുക്കിവച്ചിരിക്കുകയാണു നാണയങ്ങൾ''- ഒരു ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.
2019ൽ ഇതേ പ്രശ്നമുണ്ടായപ്പോൾ ക്ഷേത്രത്തിൽ തന്നെ പണം സൂക്ഷിക്കാൻ ബാങ്കിന് സൗകര്യം നൽകാമെന്ന് ട്രസ്റ്റ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ഇത് പറ്റില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി. പ്രശ്നപരിഹാരത്തിന് ഇനി റിസർവ് ബാങ്കിന്റെ ഇടപെടൽ വേണമെന്നാണ് ട്രസ്റ്റ് അധികൃതരുടെ ആവശ്യം. ഇതിനായി ആർബിഐക്ക് അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് ട്രസ്റ്റ്.