തലയ്ക്ക് പരുക്കേറ്റ് കുട്ടിയെ ആശുപത്രിയിലെത്തിച്ചു; തുന്നലിട്ടത് ഫോണിന്‍റെ വെളിച്ചതിൽ‌

അമിത രക്തസ്രാവത്തെ തുടർന്ന് മാതാപിതാക്കൾ ഉടനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
the child was taken to the hospital with a head injury;  Stitched in the light of the phone
ഫോണിന്‍റെ വെളിച്ചത്തിൽ കുട്ടിയുടെ തലയിൽ തുന്നലിടുന്നു
Updated on

വൈക്കം: തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച 11 കാരന് തുന്നിലിട്ടത് മൊബൈൽ ഫോണിന്‍റെ വെളിച്ചതിലെന്ന് ആരോപണം. വൈക്കം താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച വൈകിട്ട് 4.30 നാണ് വീട്ടിൽ നിന്നു വീണ് തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ചെമ്പ് - മുറിഞ്ഞപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥിനാണ് (11)വീട്ടിനുള്ളിൽ തെന്നി വീണ് തലയുടെ വലതു വശത്ത് പരുക്കേറ്റത്.

അമിത രക്തസ്രാവത്തെ തുടർന്ന് മാതാപിതാക്കൾ ഉടനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽനിന്ന് മുറിവ് ഡ്രസ് ചെയ്യാനായി കുട്ടിയെ ഡ്രസിങ് റൂമിലെത്തിച്ചു. എന്നാൽ, ഇവിടെ ഇരുട്ടായതിനാൽ ഇവർ അകത്തേക്ക് കയറിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷം അറ്റൻഡർ എത്തി. മുറിക്കുള്ളിൽ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ അറ്റൻഡർ ദേവതീർഥിനെ ഒപി കൗണ്ടറിന്‍റെ മുന്നിലിരുത്തുകയായിരുന്നു.

മുറിവിൽനിന്നു രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന്, ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിച്ച് വയ്ക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.

തുടർന്ന്, മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിന്‍റെ അരികിൽ ദേവതീർഥിനെ ഇരുത്തി മൊബൈലിന്‍റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം. ദേവതീർഥിന് തലയിൽ രണ്ട് തുന്നലുകളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com