'ദൃശ‍്യങ്ങൾ പകർത്തിയത് കുട്ടിയുടെ പിതാവിന് അയച്ച് കൊടുക്കാൻ'; വിദ‍്യാർഥി കൊലവിളി നടത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ | Video
പാലക്കാട്: അധ‍്യാപകനെതിരേ വിദ‍്യാർഥി കൊലവിളി നടത്തിയ സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ. ദൃശൃങ്ങൾ പകർത്തിയത് കുട്ടിയുടെ വിദേശത്ത് താമസിക്കുന്ന പിതാവിന് അയച്ചുകൊടുക്കാനാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പിതാവടക്കം രണ്ട് പേർക്ക് മാത്രമാണ് വീഡിയോ അയച്ചുകൊടുത്തത്. സ്കൂളിന്‍റെ ഭാഗത്ത് നിന്ന് വീഡിയോ ചോർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ പിതാവ് കുട്ടിയുടെ അമ്മയ്ക്ക് വീഡിയോ അയച്ചുകൊടുത്തുവെന്നാണ് മനസിലാക്കുന്നത്. അതിൽ താൻ കൂടുതൽ ആരോപണം ഉന്നയിക്കുന്നില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. കുട്ടിയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങളുണ്ടെന്നും നേരത്തെയും കുട്ടി പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും പ്രിൻസിപ്പൽ ആരോപിച്ചു. മന്ത്രിയുടെ നിർദേശ പ്രകാരം ഹയർ സെക്കണ്ടറി ഡയറക്ടറും ബാലാവകാശ കമ്മിഷനും വിശദീകരണം തേടിയതിന് പിന്നാലെയാണ് പ്രിൻസിപ്പൽ മാധ‍്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.
പാലക്കാട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന് കർശന നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് വിദ‍്യാർഥി മൊബൈൽ ഫോണുമായി വന്നത്.
തുടർന്ന് പിടിചെടുത്ത ഫോൺ പ്രധാന അധ‍്യാപകനെ ഏൽപ്പിച്ചു. മൊബൈൽ ഫോൺ തിരിച്ച് നൽകണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടാണ് വിദ‍്യാർഥി അധ‍്യാപകന് മുന്നിൽ കൊലവിളി നടത്തിയത്.
പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുക എന്ന് അധ‍്യാപകൻ ചോദിച്ചപ്പോൾ കൊന്നുകളയുമെന്നായിരുന്നു വിദ‍്യാർഥിയുടെ മറുപടി. അതേസമയം ബാലവകാശ കമ്മിഷൻ ഫെബ്രുവരി ആറിന് സ്കൂളിൽ സന്ദർശനം നടത്തുമെന്നും വിദ‍്യാർഥിക്ക് കൗൺസിലിങ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.