
കൊച്ചി: പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ദേവസ്വം ബെഞ്ച് വിശദീകരണം തേടി. ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
സംഭവത്തിൽ തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്. സംഘത്തിന് സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്, സാബു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരന് കഴിഞ്ഞ ദിവസവും അറസ്റ്റിലായി. പൂജ നടത്തിയ പ്രധാന പ്രതി നാരായണൻ ഒളിവിലാണ്.
ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. സംഘത്തിലുള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്.