പോളണ്ടിൽ ഇന്ത്യൻ കയ്യൊപ്പ്
കളമശേരി: പോളണ്ടിൽ നടക്കുന്ന അന്തർദേശീയ റോവർ മത്സരത്തിലേക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സംഘമായ ടീം ഹൊറൈസൺ തെരഞ്ഞെടുക്കപ്പെട്ടു. 2024 സെപ്റ്റംബർ മാസത്തിലാണ് മത്സരം.
ദക്ഷിണേന്ത്യയിൽ നിന്നും ഈ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാഭ്യാസസ്ഥാപനമാണ് കുസാറ്റ്. യോഗ്യത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യയെ പ്രതിനിധീകരിക്കുവാനുള്ള അവസരമാണ് ടീം കരസ്ഥമാക്കിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 69 ടീമുകൾ പങ്കെടുക്കുന്നതിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ 11-ാം റാങ്കും ഇന്ത്യയിൽ ഒന്നാം റാങ്കും നേടിയാണ് കുസാറ്റ് ടീം ഈ മത്സരത്തിൽ പങ്കെടുക്കുന്നത് .
ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ഇംപീരിയൽകോളേജ് പോലുള്ള ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തള്ളിയാണ് കുസാറ്റ് ടീം11-ാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം നടന്ന റോവർ മത്സരത്തിൽ കുസാറ്റ് ടീം അന്താരാഷ്ട്രതലത്തിൽ 19-ാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ എസ് ആർ ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ടീം ഹൊറൈസൺ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും, അവരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
എല്ലാ വർഷവും പോളണ്ടിൽ യൂറോപ്യൻ സ്പേസ് ഫൗണ്ടേഷൻ നടത്തുന്ന അന്തർദേശീയ റോവർ മത്സരമാണ് യൂറോപ്യൻ റോവർചലഞ്ച്. യൂറോപ്പിലെ ഏറ്റവും വലിയ മത്സരവും ഇതാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന മത്സരാർത്ഥികളെ കൂടാതെ ഈ മേഖലയിലുള്ള ശാസ്ത്രജ്ഞന്മാർ, സംരംഭകർ എന്നിവരെല്ലാം ഈ മത്സരം വീക്ഷിക്കുവാൻ എത്തുന്നു.
സാധാരണ ആൺകുട്ടികൾ കൂടുതലുള്ള മേഖലയായിട്ടുപോലും കുസാറ്റിൽ നിന്നും 18 പെൺകുട്ടികളുടെ സാന്നിദ്ധ്യം മറ്റു വിദ്യാർത്ഥിനികൾക്ക് പ്രചോദനമാണ്. അവരുടെ ശ്രദ്ധേയമായ നേട്ടത്തിനുള്ള പ്രധാനകാരണക്കാരായി മുന്നിൽ നിൽക്കുന്നത് ടീം ലീഡറായ മുഹമ്മദ് സി യാദും, ടീം മാനേജർ റോമൽ ജോസ്ബിനും, ഫാക്കൽട്ടി കോഡിനേറ്റേഴ്സ് ആയ ഡോക്ടർ ബിജു എൻ (പ്രൊഫ. മെക്കാനിക്കൽ ഡിപ്പാർട്മെന്റ്), മിസ്സ് ഷീന കെ എം (പ്രൊഫ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ്) എന്നിവരാണ്. ടീം മെന്ററായ ഡോക്ടർ ശശി ഗോപാലന്റെ (പ്രൊഫ. മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റ്) സാന്നിധ്യം ഇവർക്ക് പിന്തുണനൽകുന്നു.
മത്സരരംഗത്തും സാമൂഹിക രംഗത്തും ടീമിന്റെ അഭിനന്ദനാർഹമായ അംഗീകാരമാണ് ഐ ഇ ഡി സി സമ്മിറ്റ് കേരളീയം പോലുള്ള പരിപാടികളിൽ ടീമിന് ലഭിച്ച ക്ഷണം. പുതിയ ശാസ്ത്ര സാങ്കേതിക അറിവുകൾ പുതുതലമുറയ്ക്ക് ലഭ്യമാകുന്നതിന് വേണ്ടി വൈവിധ്യമാർന്ന ഒട്ടേറെ വർക്ക്ഷോപ്പുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്നത് ടീമിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണ്.

