സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. വിഷയം പരിഗണിക്കുക പോലും ചെയ്യാത്ത സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. അടിയന്തര പ്രമേയം ചർച്ചയ്ക്കെടുക്കാത്ത ദിവസങ്ങളിൽ സാധാരണ സഭ നിറുത്തിവെക്കണമെന്ന പ്രമേയത്തിനായി നോട്ടീസ് നൽകിയ അംഗത്തിനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവടക്കം കക്ഷി നേതാക്കൾക്കും വിഷയത്തിൽ സംസാരിക്കാൻ അവസരമുണ്ട്. എന്നാൽ, ഇന്നലെ ഇത് പരിഗണിക്കാതിരുന്ന സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ സ്വീകരിക്കാത്തത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായി സഭ നിറുത്തിവെയ്ക്കണമെന്ന ഉപക്ഷേപത്തിന് കെ.കെ. രമയായിരുന്നു നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കെതിരായ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുണ്ടെന്നും എന്നാൽ, സർക്കാർ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഇത് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും കെ.കെ. രമ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
എന്നാൽ,വിഷയം ഹൈക്കോടതി പരിഗണനയിലിരിക്കുന്നതി നാൽ ചട്ടപ്രകാരം നിയമസഭയിൽ പരിഗണിക്കാനാവില്ലെന്നും സർക്കാർ അല്ല താനാണ് ഇതിൽ തീരുമാനമെടുത്തിരിക്കുന്നതു മെന്നും സ്പീക്കർ എ.എൻ. ഷംസീർ വിശദീകരിച്ചു. അതുകൊണ്ട് വിഷയത്തിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിനും അവസരമില്ല. ഇറങ്ങിപ്പോകുന്നത് പ്രഖ്യാപിക്കാൻ മാത്രമാണ് അവസരമെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ചോദ്യോത്തരവേളയിൽ വിഷയം എത്തിയപ്പോൾ സ്പീക്കറാണ് പറഞ്ഞത് ചർച്ചയ്ക്കായി പ്രത്യേകം ഉന്നയിക്കണമെന്ന്. എന്നിട്ട് അടിയന്തര പ്രമേയമായെത്തിയപ്പോൾ പരിഗണിക്കുകപോലും ചെയ്യുന്നില്ല. സ്ത്രീകളെ ബാധിച്ച വിഷയം ചർച്ച ചെയ്തില്ലെന്ന് പറഞ്ഞാൽ, അത് സഭക്ക് നാണക്കേടാണെന്നും സ്പീക്കറുടെ തീരുമാനം കീഴ്വഴക്കത്തിന് വിരുദ്ധമെന്നും വി.ഡി. സതീശൻ വിമർശിച്ചു.
അവതരണാനുമതിയില്ലെങ്കിൽ എന്തിനാണ് ചോദ്യം അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.അടിയന്തര പ്രമേയം സംബന്ധിച്ച് നിരവധി കീഴ്വഴക്കങ്ങൾ സഭയുടെ മുന്നിലുണ്ട്. അനുവദിക്കണോ വേണ്ടയോ എന്ന സ്പീക്കറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പ്രതിരോധത്തിലാണ്. അതു കൊണ്ടാണ് സഭയിൽ ചർച്ച അനുവദിക്കാത്തത്. സ്പീക്കറുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്.
നിയമസഭ കൗരവസഭയായി മാറി
സ്ത്രീകളെ ഗൗരവതരമായി ബാധിക്കുന്ന വിഷയം നിയമസഭയില്‍ അല്ലാതെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നു മുഖ്യമന്ത്രിയോട് ചോദിച്ചതാണെന്നും ചോദ്യങ്ങളുന്നയിക്കാൻ അനുവദിക്കാത്ത നിയമസഭ കൗരവസഭയായി മാറിയെന്നും പുറത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സഭയിൽ ചോദ്യം ചോദിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാറിന് താത്പര്യമില്ല. സർക്കാരും മന്ത്രിയും ലൈംഗിക കുറ്റകൃത്യങ്ങളെ ഒളിച്ചുവെക്കുകയാണ്. ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും. അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യാത്തത് നിയമസഭക്ക് അപമാനമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് ഒളിച്ചുവച്ചതിലൂടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
അങ്ങനെയൊരു അഭിപ്രായ പ്രകടനം ജസ്റ്റിസ് ഹേമ നടത്തിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ കത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതിനെയാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും റിപ്പോര്‍ട്ട് പുറത്തുകൊടുക്കരുതെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് കൊടുക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആദ്യമായി പറഞ്ഞത്.
നാലര വര്‍ഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ കൈയില്‍ ഇരുന്നത്. ഗുരുതര കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ലൈംഗിക കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 21, ബിഎന്‍എസ്എസിന്‍റെ 199 (സി) അനുസരിച്ച് കുറ്റകരമാണ്.
അത് ഒളിച്ചു വയ്ക്കുന്നത് ആറു മാസത്തെ തടവു ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് മറപിടിക്കാന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ച് ഇരകളുടെയും വേട്ടക്കാരുടെയും സമ്മേളനം വിളിച്ചിരിക്കുകയാണ് സര്‍ക്കാരെന്ന് ഡോ.എം.കെ. മുനീര്‍ പറഞ്ഞു. സ്ത്രീകളോട് തികഞ്ഞ വഞ്ചന കാട്ടിയ സര്‍ക്കാരിണെന്ന് കെ.കെ. രമയും പറഞ്ഞു.