പാർട്ടിയുടെ എക്കാലത്തെയും 'ക്രൗഡ് പുള്ളർ'

മരിച്ചെന്ന് കരുതി വലിച്ചെറിഞ്ഞു... പിന്നെ നടന്നത് ചരിത്രം.
The party's all-time 'crowd puller'

വി.എസ്. അച്യുതാനന്ദൻ

file image

Updated on

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: സമരം ജീവിതമാക്കിയയാൾ, സമരസപ്പെടാത്ത സമരങ്ങളുടെ സംജ്ഞയാണ് വി.എസ് എന്ന രണ്ടക്ഷരം... ആ സമര ജീവിതത്തിന് വിരാമമില്ല.... അതൊരു നൈരന്തര്യമാണ്...കേരളത്തിന്‍റെ സമരബോധ്യങ്ങളെ വിളിച്ചുണർത്തിയ പ്രദീപ്തവും പ്രതിജ്ഞാബദ്ധവുമായ കമ്യൂണിസ്റ്റ് ജീവിതമാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ. പുന്നപ്ര വയലാറിലെ ജ്വലിത സമരപാതയിൽ അഗ്നിയായ്, സദാ പോരാളിയായി ദർശനം ജീവിതം കൊണ്ടും ജീവിതം ലാളിത്യം കൊണ്ടും സാക്ഷ്യപ്പെടുത്തിയ സഖാവ്. വി.എസ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേക്കാൾ മൂന്ന് വയസും മൂന്ന് ദിവസവും മാത്രം ഇളയതായിരുന്നു. വി.എസ് ജനിച്ചത് 1923 ഒക്റ്റോബർ 17ന്; ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി താഷ്‌ക്കന്‍റിൽ പിറന്നത് 1920 ഒക്റ്റോബർ 17ന്. വി.എസ് എന്ന വാക്കിന് ചുവപ്പ് എന്നുകൂടി അർത്ഥമുണ്ട്. കേരളത്തിന്‍റെ ചുവപ്പായിരുന്നു വി.എസ്. സിപിഎമ്മിന്‍റെ എക്കാലത്തെയും "ക്രൗഡ് പുള്ളിങ് 'പ്രാസംഗികനായിരുന്നു വി.എസ്. നീട്ടിയും കുറുക്കിയും എതിരാളികളോട് പരിഹാസം വാരി വിതറിയും കത്തിപ്പടരുന്ന വി.എസിന്‍റെ പ്രസംഗത്തിന് നാടിന്‍റെ മുക്കിലും മൂലയിലും നിന്ന് രാഷ്ട്രീയഭേദമന്യേ ആളുകള്‍ ഒഴുകിയെത്തും.

തെരഞ്ഞെടുപ്പ് കാലത്താണ് വി.എസിന്‍റെ പ്രസംഗത്തിന് ആളുകളേറെയെത്തുക. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥികളുടെ വിളികളെത്തും. വി.എസിന്‍റെ സഹായികളുടെ ഫോൺ നിർത്താതെ അടിക്കും. "സഖാവിനെ കിട്ടണം... പ്രചാരണത്തിന് എത്തണം...' എന്നതായിരുന്നു ആവശ്യം. ആലപ്പുഴയിലെ കയര്‍, കര്‍ഷകത്തൊഴിലാളികളെ പിടിച്ചിരുത്താന്‍ വി.എസ് തുടങ്ങിവച്ച ശൈലി പിന്നെ കേരളമാകെ ഏറ്റെടുക്കുകയായിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കത്തില്‍ ഇങ്ങനെ ആയിരുന്നില്ല വി.എസിന്‍റെ ശൈലി. കുട്ടനാട്ടിലെ കര്‍ഷകരെയും കയര്‍ തൊഴിലാളികളയും സംഘടിപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചപ്പോള്‍ അവർക്കൊപ്പം സംസാരിക്കുന്ന ഭാഷയിൽ , അവരോട് ഇടപഴകുന്ന ഭാഷയിൽ, അവരെ പിടിച്ചിരുത്താൻ അവരോട് നിരന്തരം സംവദിക്കാൻ മെല്ലെ ഈ ശൈലിയിലേക്ക് വി.എസ് തുടങ്ങിവച്ചത് പിന്നെ സ്ഥിരമാക്കി. വി.എസ് സൃഷ്ടിച്ചതാണ് പ്രക്ഷോഭകേരളത്തിന്‍റെ ഭാഷയും വ്യാകരണവും.

1946ൽ നടന്ന ഐതിഹാസികമായ പുന്നപ്ര- വയലാർ സമരത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു വി.എസ്. 1946 ഒക്റ്റോബർ 23നു തിരുവിതാംകൂർ രാജാവിന്‍റെ തിരുനാളായിരുന്നു. ആഘോഷത്തിന്‍റെ ഭാഗമായി പുതിയ പൊലീസ് സ്‌റ്റേഷനുകളും ക്യാംപുകളും തുറന്നു. ഇതിനെതിരെ "അമെരിക്കൻ മോഡൽ അറബിക്കടലിൽ ' എന്ന മുദ്രാവാക്യവുമായി പോരാടാൻ പാർട്ടിയുടെ ആഹ്വാനം. പ്രതിഷേധ പ്രകടനത്തിന് നൂറുകണക്കിന് ആളുകളെത്തി. ഒക്റ്റോബർ 23ന് ഉച്ചയ്‌ക്കുശേഷം പുന്നപ്രയിലെ ക്യാംപിലെത്തിയ വി.എസിനോട്, വാറന്‍റ് ഉള്ളതിനാൽ മാറിനിൽക്കണമെന്നു പാർട്ടി നിർദേശിച്ചു.

ചെത്തുതൊഴിലാളി യൂണിയൻ സെക്രട്ടറി ഒളോത്ര കൃഷ്‌ണൻകുഞ്ഞിന്‍റെ പൂക്കൈത ആറിനരികിലുള്ള സഹോദരി ഭവാനിയമ്മയുടെ കരിമ്പാവു വളവിലെ വീട്ടിലേക്കു വി.എസ് മാറി. പൊലീസ് ക്യാംപിന്‍റെ അടുത്തു പ്രകടനം എത്തിയതും ഇൻസ്‌പെക്‌ടർ വേലായുധൻ നാടാർ വെടിവയ്‌ക്കാൻ ഉത്തരവിട്ടു. തോക്കേന്തിയ പൊലീസിനെ വാരിക്കുന്തവുമായി സഖാക്കൾ നേരിട്ടു. അൻപതോളം പേർ വെടിയേറ്റു വീണു. തെങ്ങുകയറ്റ തൊഴിലാളി ശങ്കരൻ ഇൻസ്പെക്റ്ററുട തല വെട്ടിമാറ്റി. പത്തോളം പൊലീസുകാർ മരിച്ചു. പുന്നപ്രയിൽ നിരവധി പാർട്ടി ക്യാംപുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സമരത്തിന്‍റെ പേരിൽ അറസ്റ്റിലാവുകയും ക്രൂരമർദനത്തിന് ഇരയാവുകയും ചെയ്തു.

പൂഞ്ഞാറിൽ ബീഡിത്തൊഴിലാളിയുടെ വീട്ടിൽ കഴിയുന്നതിനിടെ ഒക്‌ടോബർ 28നാണ് വി.എസ് അറസ്റ്റിലാകുന്നത്. കൊടിയ മർദനത്തിനൊടുവിൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു ലോക്കപ്പിന്‍റെ അഴികളിലൂടെ കാലുകൾ പുറത്തെടുത്തു. അഴികൾക്കു വിലങ്ങനെ രണ്ടു കാലിലും ലാത്തി വച്ചുകെട്ടി ലോക്കപ്പ് പൂട്ടി. കുറച്ചു പൊലീസുകാർ ലോക്കപ്പിനകത്തും കുറച്ചുപേർ പുറത്തും നിന്നു. അകത്തുള്ളവർ തോക്കിന്‍റെ പാത്തികൊണ്ട് ഇടിച്ചു. പുറത്തുള്ളവർ പാദങ്ങൾക്കകത്തു ചൂരൽകൊണ്ടു മാറിമാറി അടിച്ചു. വേദന അറിയാൻ പറ്റാത്തത്ര തീവ്രമർദനം. ബയണറ്റ് തോക്കിൽ ഘടിപ്പിച്ച ഒരു പൊലീസുകാരൻ അതുകൊണ്ട് ഉള്ളംകാലിൽ ആഞ്ഞുകുത്തി. പാദം തുളഞ്ഞു ബയണറ്റ് അപ്പുറത്തേക്ക്. ചോര ചീറ്റി, ബോധം പോയി.

മരിച്ചെന്നു കരുതി കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പൊലീസിന്‍റെ നീക്കം. ഒട്ടേറെ മോഷണകേസുകളിൽ പ്രതിയായ കോലപ്പനെയാണു ശരീരം ജീപ്പിൽ കയറ്റാൻ ഏൽപ്പിച്ചത്. ജീപ്പു മുന്നോട്ടുപോകവേ കോലപ്പൻ വി.എസിന്‍റെ മൂക്കിൽ കൈവച്ചു, ശ്വാസം നിലച്ചിട്ടില്ല. കോലപ്പൻ പറഞ്ഞാണു വി.എസിനെ പാലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ കള്ളന്‍റെ കാരുണ്യമാണു തന്നെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവന്നതെന്നു പിന്നീടാണു വി.എസ് അറിഞ്ഞത്.

1948 ഫെബ്രുവരിയിൽ ജയിൽമോചനം. അന്നു ബയണറ്റ് കുത്തിക്കയറ്റിയ പാട് ജീവിതാവസാനം വരെയും കാലിൽ ശേഷിച്ചു. ഈ കാലുകൾ കൊണ്ട് വി.എസ് നടന്നപ്പോൾ ചരിത്രം സഖാവിനു പിന്നാലെ നടന്നു. ധീരതയായിരുന്നു വി.എസിന്‍റെ ദിവ്യായുധം. ജാതി-ജന്മി-നാടുവാഴി-ബ്രിട്ടീഷ് കോയ്മയോട് നേരിട്ടെത്തിരിട്ട് നേടിയെടുത്തതായിയുന്നു ആ നട്ടെല്ലിന്‍റെ ധാതുബലം. ഓരോ ചുവടിലും ജാതിപ്രാമാണികത്വത്തെ അദ്ദേഹം വെല്ലുവിളിച്ചു. നവകേരളത്തിനായി നിരന്തരം ക്ഷോഭിച്ചു ആ മനഃസാക്ഷി. വ്യവസ്ഥിതിക്കെതിരായ കലാപമായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ രാഷ്ട്രീയനീക്കവും. തോൽക്കില്ലെന്നുറപ്പുള്ള സമരമുന്നേറ്റങ്ങൾ.

1957ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുമ്പോഴേക്കും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വളർന്ന അച്യുതാനന്ദൻ അന്നത്തെ ഒൻപതംഗ സംസ്ഥാനസമിതിയിൽ അംഗവുമായിരുന്നു. ഇവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വി.എസ് തന്നെയാണ്. മാറ്റത്തിന്‍റെ മാഗ്നകാർട്ടകൾ ഏറെ സൃഷ്ടിച്ച ഭരണാധികാരി. പൊരുതാനും പൊരുതി മുന്നേറാനും കേരളത്തെ പഠിപ്പിച്ച വി.എസാണ് വിടവാങ്ങുന്നത്. സമരവസന്തങ്ങൾ പുഷ്പിച്ച വഴികളിലൂടെ, വിപ്ലവത്തിന്‍റെ ഋതുഭേദങ്ങൾകടന്നുപോയ കാലശിഖരങ്ങളിലൂടെ വി.എസ് സമയതീരത്തിനപ്പുറത്തേയ്ക്ക് യാത്രയാകുകയാണ്. ചരിത്രത്തിൽ ആഴത്തിൽപതിഞ്ഞതാണ് ആ ചുവടുകൾ. ഭാവിയുടെ ഭാവിയോളം അത് സ്പന്ദിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com