
തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' സിനിമക്ക് തിയെറ്ററുകളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഷ്ടമില്ലാത്ത സിനിമകൾ തിയെറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന ഉടമകളുടെ നിലപാട് സിനിമ മേഖലയ്ക്കു തന്നെ ഗുണം ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും കോൺഗ്രസും മതമൗലിക വാദികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്ക്കാര സ്വാതന്ത്രത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന പ്രമുഖരുടെ ഇരട്ടത്താപ്പ് നയമാണ് കേരളമിപ്പോൾ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിനിമ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സാങ്കൽപിക സിനിമയാണ്, ഇത് ചരിത്ര സിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു. സിനിമ ഇറങ്ങിയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.